Tuesday, December 24, 2019

ഭാഗം:മിന്നാമിനുങ്ങ്- പ്രകാശം വഹിക്കുന്ന ചിത്രങ്ങൾ

ഭാഗം:മിന്നാമിനുങ്ങ്- പ്രകാശം വഹിക്കുന്ന ചിത്രങ്ങൾ


ഗുരു വന്ദനം,
         വളരെ ആധുനികവും എളുപ്പവുമാണ് ഇന്നത്തെ വിദ്യാഭ്യാസം. പഠിക്കാൻ പല വഴികൾ, പല രീതികൾ. ഇതിനെല്ലാം സഹായകമാകുന്ന കാക്കത്തൊള്ളായിരം സൂചകങ്ങളും. ഇത്ര വികസിതമായ ഈ ലോകത്ത് എന്തെങ്കിലും തിരഞ്ഞെടുക്കുക മാത്രമാണ് ആശങ്ക സൃഷ്ടിക്കുന്നത്.
നൂറ്റിക്കണക്കായ വഴികൾ മുന്നിൽ ഉണ്ടായിട്ടും തെളിഞ്ഞ്‌ കിടക്കുന്ന വഴിയേ നടക്കാൻ മാത്രമാണ് അധിക പേർക്കും താല്പര്യം. മറ്റുള്ളവർ നടന്ന് തെളിഞ്ഞ വഴിയേ ഒഴുക്കിൽപ്പെട്ട അജൈവ വസ്തുക്കളെ പോലെ അലസമായി മുന്നോട്ട് പോകുന്നു. ഫലമോ ചെന്നു പതിക്കുന്ന മഹസാഗരത്തിൽ കേവലമൊരു നിസ്സാര വസ്തുവായി ഓളങ്ങളുടെ താരാട്ടിൽ നിദ്ര പൂകുന്നു. ഈ സമൂഹത്തിന്റെ സിംഹഭാഗവും ഇങ്ങനെ അവശേഷിക്കുന്നു. ഒരു മാറ്റം അവർക്ക് നിഷിദ്ധമായ ആചാരമാകുന്നു.
പോയ വഴിയേ തെളിക്കുക- രക്ഷാകർത്താക്കളുടെ സർവസാധാരണമായ ഈ രീതിയാണ് പലപ്പോഴും ഈ സമൂഹത്തെ കൈയ്യടക്കുന്നത്. അതിനാണെങ്കിൽ അപകടകരമായ കരങ്ങളുടെ സാന്നിദ്ധ്യവും,കച്ചവടം- അവരുടെ പരസ്യ വാഗ്ദാന വാചക കസർത്തിൽ മോഹാലസ്യപ്പെട്ട് നേരത്തെ പറഞ്ഞ ഒഴുക്കിലേക്ക് അടുത്ത തലമുറയെ തള്ളിയിടുന്നു. അവിടെ വ്യക്തിയുടെ താല്പര്യം ആരായപ്പെടുന്നില്ല, അല്ലെങ്കിൽ വെളിച്ചം കാണുന്നില്ല. വിദ്യാഭ്യാസം എന്നത് കേവലം സർട്ടിഫിക്കറ്റിലൂടെ നിറയുന്ന ബിരുദനാമങ്ങൾ മാത്രമാണോ?. അല്ലെന്ന് എന്നെക്കാൾ നന്നായി അങ്ങേയ്ക്കറിയാം. പ്രാഥമികവും മൗലികവുമായ സാമൂഹിക വിദ്യാഭ്യാസം വാരിക്കൂട്ടുന്ന ബിരുദങ്ങൾക്കിടയിൽപ്പെട്ട് ചുരുങ്ങിപ്പോകുന്നു.


ഇതൊന്നുമല്ലാതെ മറ്റെന്തൊക്കെയാണ് വിദ്യാഭ്യാസം? പുസ്തകങ്ങളിൽ കുറിച്ചിട്ട ചരിത്രമോ ശാസ്ത്രമോ അല്ലാതെ? നമ്മൾ അത്തരം വിദ്യകളെ പ്രത്യേകമൊരു വിഭാഗമാക്കി മാറ്റി നിർത്തി. രണ്ടാം തരമാക്കി അതിന്റെ പ്രധാന്യത്തെ ഇല്ലാതാക്കി. എന്നിട്ടൊരു പേരും കൊടുത്തു, Extra curricular activity!!  ഇതിൽ നിന്ന് തന്നെ വ്യക്തമാണ് ഇത് സാധാരണയായി പിന്തുടരേണ്ട വഴികളിളിൽ നിന്ന് മാറി നടക്കേണ്ടതോ അല്പം വിശ്രമിക്കേണ്ടതോ ആയ ഇടങ്ങൾ മാത്രമാണെന്ന്. എന്തുകൊണ്ട് ഇങ്ങനെയായി, നമ്മുടെ ചിന്ത പോലും അങ്ങനെയായി പരിണമിച്ചു പോയിരിക്കുന്നു. അതും പോരാഞ്ഞിട്ട് മൂക്കാത്തതിനെ അടിച്ചു പഴുപ്പിക്കുന്ന അസാധാരണ സ്ഥിതി വിശേഷവും. അതുകൊണ്ട് എനിക്ക് സഞ്ചരിക്കണം നൂറ്റാണ്ടുകൾ പുറകിലേക്ക്…


 നിറങ്ങളും വരകളുമാണ് ശക്തി. പല അനുപാതത്തിൽ ചേർക്കുമ്പോൾ അർത്ഥസാഗരമാകുന്ന ജീവൻ തുടിക്കുന്ന ചിത്രങ്ങൾ. പക്ഷെ അതിനൊക്കെയും ഏകാത്മഭാവം. അതേ, ഒരേ ഭാവത്തിൽ വിവിധ അർത്ഥങ്ങൾ പ്രസരിക്കുന്ന തന്റേതായൊരു രീതി സൃഷ്ടിച്ചിരിക്കുന്നു. സമൂഹത്തിൽ പ്രകാശം പരത്താൻ നമ്മൾ പ്രകാശമായി കാണുന്ന ശ്രീ ബുദ്ധനെ ചിത്രങ്ങളുടെ ആത്മാവാക്കി പുനരവതരിപ്പിക്കുന്ന സമാനതകളില്ലാത്ത ചിത്ര രചനാ രീതി. ഇത്തരം ആവിഷ്കാരങ്ങൾക്ക് സമൂഹത്തിന്റെ വ്യക്തമായ മുഖമുണ്ട്. ആ മുഖത്ത് എല്ലാം തെളിഞ്ഞു കിടക്കുന്നുണ്ട്.


ആദ്യമായി എനിക്ക് അറിവ് പകരാൻ വന്ന സമയത്ത് തന്നെ ഞാൻ മനസിലാക്കിയിരുന്നു ആ വിരലുകളിലെ മാന്ത്രിക ചലനങ്ങൾ. ബോർഡിൽ വരയ്ക്കുന്ന ഓരോ വരകളിലുമുള്ള വടിവ് അതിന് കാരണമായി. പക്ഷെ അതിന് മറ്റൊരു മാനം നൽകാനാകുമെന്നു അന്ന് കരുതിയിരുന്നില്ല. മനസിലാക്കാൻ പിന്നെയും കാലങ്ങൾ വേണ്ടി വന്നു. ഇന്ന് വ്യക്തമായ തിരിച്ചറിവ് ആ ചിത്രങ്ങളെപ്പറ്റി ഉണ്ടായി വരുന്നു.
അങ്ങയുടെ ചിത്രങ്ങൾ സംസാരിക്കുന്നു- നിലപാടുകൾ. സാമൂഹിക അടിത്തറയുള്ള വരകൾ , നല്ല വസ്തുതകൾ വിളംബരം ചെയ്യുന്ന നിറങ്ങൾ, ഇവയെല്ലാം ചേർന്നൊരു കാഴ്ചപ്പാട്, സംശുദ്ധമായ മാനുഷിക വിചാരം എന്നിവ നല്കുന്നു.


അതുകൊണ്ട് തന്നെയാണ് ഞാൻ കരുതുന്നത് ഈ ഗുരുവിന് പലരുടെയും കഴിവുകളെ വിളക്കിയെടുക്കാൻ സാധിക്കുമെന്ന്. നിസാരനായൊരു സ്കൂൾ അധ്യാപകൻ എന്നതിലുമപ്പുറം സ്വന്തം ശിഷ്യന്മാരെ എങ്ങനെ പ്രചോദിപ്പിക്കണം എന്നു വ്യക്തമായി അറിയാവുന്ന വ്യക്തി. സാങ്കേതിക വിദ്യ ജനിപ്പിച്ച അയഥാർത്ഥമായ സമൂഹത്തിൽ ചിന്തകളുണർത്തുന്ന വരകൾ കോറിയിടുന്ന സാമൂഹിക ജീവി. ചില ചുമതലകൾ ഓരോ വ്യക്തിക്കും ഈ സമൂഹത്തിൽ ചെയ്യാനുണ്ടെന്നു പഠിപ്പിക്കുന്ന യഥാർത്ഥ ഗുരു. സ്വാമി വിവേകാനന്ദൻ പറഞ്ഞ പോലെ,”  നിങ്ങളുടെ കുട്ടിയെ എനിക്ക് തരൂ, അവൻ ആരാകേണ്ടവനാണോ അത് ഞാൻ ആക്കി തരാം”.


വിധിയെക്കുറിച്ച് ചിന്തിക്കാനാകാത്ത കൊണ്ട് എനിക്കുണ്ടായ വഴി തിരിവുകളെ ഞാൻ നോക്കിയിരിക്കാറുണ്ട്. അവ നല്ലതിനായിരുന്നോ എന്ന് പലവട്ടം എന്നോട് തന്നെ ചോദിച്ചിട്ടുമുണ്ട്. പക്ഷെ എത്തി നിൽക്കുന്ന അവസ്ഥയാണോ അല്ല മറ്റൊന്നായിരുന്നോ നല്ലത് എന്നെനിക്ക് മനസിലാകുന്നില്ല. ഇത്തരം ചിന്തകൾ പലപ്പോഴും എന്നെ അന്തർമുഖനാക്കാറുണ്ട്.
അതിനാൽ, 
          ഞാൻ ആഗ്രഹിക്കുന്നു ആ പുരാതന ഗുരുകുല കാലം തിരിച്ചു വരട്ടെയെന്ന്. എന്നിട്ട് ബോധി വൃക്ഷച്ചുവട്ടിൽ എന്റെ വളവ് തിരിവുകളില്ലാത്ത ജീവിത പഠനം. അവിടെ വൃക്ഷത്തറയിൽ തേജോന്മുഖനായ ബുദ്ധനെ പോലെയിരിക്കുന്ന എന്റെ ഗുരു, അഭിലാഷങ്ങൾക്ക് തിരി തെളിയിക്കുന്ന പ്രകാശ ബിന്ദുവായി ഞങ്ങളിലേക്ക് പ്രകാശിക്കുന്ന അഭിലാഷ ബുദ്ധൻ.


എന്റെ വര തൽക്കാലം ഇവിടം വരെ…


കഴിവുകളെയും കഴിവുകേടുകളെയും ഒപ്പം   ‘വഴിത്തിരിവു’കളെയും കുറിച്ച് അന്വേഷിച്ചലയുന്ന അങ്ങയുടെ ശിഷ്യൻ.
മുക്കോടി ശിഷ്യരിൽ ഒരാൾ..
       
    -ആനന്ദ് ശ്രീധരം

.പ്രിയ ഗുരുനാഥൻ അഭിലാഷ് തിരുവോത്തിന് എഴുതിയ കത്ത്
ആത്മാവിന്റെ സൃഷ്ടിയിലേക്കുള്ള വഴി (എന്ന നാമത്തിൽ തുടരുന്ന എഴുത്തുകൾ)

അഭിലാഷ് തിരുവോത്ത് വരച്ച ബുദ്ധ ചിത്രങ്ങളിൽ ഒന്ന്




34 comments:

  1. ഈ അവസ്ഥയ്ക്ക് മുഖ്യ കാരണം നമ്മുടെ സമൂഹം തന്നെയാണ് ....

    ReplyDelete
    Replies
    1. അതേ... പരിഹാരമുണ്ടോ... തേടണം.. പക്ഷെ സാധിക്കുക ഒരു ഭഗീരഥ പ്രായത്നത്തിലൂടെ മാത്രമാവും

      Delete
  2. ആനന്ദ്..
    പതിവ് ബ്ലോഗ് പോസ്റ്റുകൾ അവശ്യപ്പെടുന്നതിലധികം
    വായനക്കാരുടെ മനസിനെ ആവശ്യപ്പെടുന്ന ഒരു വിഷയം,അതിന്റെ അവതരണം,ഉള്ളടക്കം അങ്ങനെ ഒരു പാട് പ്രത്യേകതകൾ ഉള്ള എഴുത്തായി എനിക്ക് തോന്നി
    ഇത്.
    സലാം ടാ....കാത്തിരിക്കുന്നു..
    തുടർ വരികൾക്ക്

    ReplyDelete
    Replies
    1. അത്രമേൽ ബഹുമാനിക്കുന്ന ഒരാളെ ആരാധിച്ചു എഴുതുമ്പോൾ ഇത്രയെങ്കിലും വരില്ലേ....

      Delete
    2. വരും..അതാണ് സ്വാധീനശക്തിയുടെ വിസ്മയം

      Delete
    3. ഇനിയും അങ്ങനെയുള്ളവർ ഉണ്ടാവട്ടെ എന്നാഗ്രഹിക്കുന്നു...

      Delete
  3. ഉദ്ദേശിച്ച വശം നന്നായിട്ട് പറഞ്ഞു. ഗുരുകുല വിദ്യാഭ്യാസത്തിനു അതിന്റെ മേന്മകൾ ഉണ്ട്. ഗുരു അത്രയും മനുഷ്യത്വം ഉള്ളയാളും ജ്ഞാനിയും ആണെങ്കിൽ. അല്ലാത്ത സന്ദർഭത്തിൽ ദുരുപയോഗം ചെയ്യപ്പെടാവുന്ന സ്ഥാനവും ആണത്. ഗുരു ശിഷ്യ ബന്ധം വ്യക്തിപരം ആവട്ടെ എന്നാണ്. ഒരു system ആകുന്നതിനു പകരം.
    മറിച്ചൊരു വശം സൂചിപ്പിച്ചെന്നേ ഉള്ളു.
    എഴുത്ത് വളരെ നന്നായിട്ടുണ്ട്.

    ReplyDelete
    Replies
    1. ശരിയാണ്.. എല്ലാത്തിനും മറ്റൊരു വശം കൂടെയുണ്ടാകും... പക്ഷെ നമുക്ക് ആഗ്രഹിക്കാമല്ലോ നല്ല വശം മാത്രം നടക്കുന്ന ചില വ്യവസ്ഥകളെ..

      Delete
  4. സത്യമാണ്. ഇന്ന് 95% കുട്ടികളും എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ എന്ന രീതിയിൽ പഠിക്കുന്നവരണ്... ആദ്യം മാറ്റേണ്ടത് കോമൺ സിലബസ് ആണ്...

    ReplyDelete
    Replies
    1. പാഠപുസ്തകത്തിന്റെ കെട്ടുപാടിൽ നിന്നും പുറത്തു ചാടേണ്ടതുണ്ട്... എന്നാലേ സാമൂഹിക അവബോധം ജനിക്കുകയുള്ളൂ...

      Delete
  5. ഞാൻ ആഗ്രഹിക്കുന്നു ആ പുരാതന ഗുരുകുല കാലം തിരിച്ചു വരട്ടെയെന്ന്. എന്നിട്ട് ബോധി വൃക്ഷച്ചുവട്ടിൽ എന്റെ വളവ് തിരിവുകളില്ലാത്ത ജീവിത പഠനം. അവിടെ വൃക്ഷത്തറയിൽ തേജോന്മുഖനായ ബുദ്ധനെ പോലെയിരിക്കുന്ന എന്റെ ഗുരു, അഭിലാഷങ്ങൾക്ക് തിരി തെളിയിക്കുന്ന പ്രകാശ ബിന്ദുവായി ഞങ്ങളിലേക്ക് പ്രകാശിക്കുന്ന അഭിലാഷ ബുദ്ധൻ.... സ്നേഹിച്ചുപോയി ഈ വരികളെ 🥰🥰

    ReplyDelete
    Replies
    1. അതിയായ ആഗ്രഹമുള്ള കാര്യമായതിനാലാവാം ഈ വരി ഉണ്ടായത്...

      Delete
  6. ഞാൻ ആഗ്രഹിക്കുന്നു ആ പുരാതന ഗുരുകുല കാലം തിരിച്ചു വരട്ടെയെന്ന്. എന്നിട്ട് ബോധി വൃക്ഷച്ചുവട്ടിൽ എന്റെ വളവ് തിരിവുകളില്ലാത്ത ജീവിത പഠനം. അവിടെ വൃക്ഷത്തറയിൽ തേജോന്മുഖനായ ബുദ്ധനെ പോലെയിരിക്കുന്ന എന്റെ ഗുരു, അഭിലാഷങ്ങൾക്ക് തിരി തെളിയിക്കുന്ന പ്രകാശ ബിന്ദുവായി ഞങ്ങളിലേക്ക് പ്രകാശിക്കുന്ന അഭിലാഷ ബുദ്ധൻ.


    മനോഹരമായ ചിന്തകൾക്ക് ഓടും പാവും നൽകിയ ഗഹനമായ രചന. തുടർ പോസ്റ്റുകൾ വരട്ടെ.

    ReplyDelete
    Replies
    1. തീർച്ചയായും ഈ പരമ്പരയിലെ അടുത്തത് ഇതേ നിലവാരത്തിൽ തന്നെ എഴുതണമെന്നു കരുതുന്നു.

      Delete
  7. ഞാൻ മനസ്സിലാക്കിയിട്ടുള്ളത് എല്ലാ അറിവും നമ്മുടെ ഉള്ളിൽ തന്നെയുണ്ട് . അവനവനെ കണ്ടെത്താൻ കഴിഞ്ഞാൽ, അവനവനിലേക്ക് നോക്കി വ്യാഖ്യാനിക്കാൻ കഴിഞ്ഞാൽ എല്ലാ ചോദ്യങ്ങൾക്കും ഉള്ളിൽ നിന്ന് തന്നെ ഉത്തരം കിട്ടും ..
    പക്ഷേ നമ്മൾ വളർന്നു വരുന്നത് മറ്റുള്ളവരെ വച്ചു അവനവനെ അളക്കാനും, അവനവനെ വച്ചു മറ്റുള്ളവരെ അളക്കാനും പഠിച്ചിട്ടുള്ളതും പഠിപ്പിക്കുന്നതുമായ ഒരു ചുറ്റുപാടിൽ ആണ് ....
    ഗുരുകുല വിദ്യാഭ്യാസ മാതൃകയോട് ഞാനും യോജിക്കുന്നു ... 😊

    ReplyDelete
    Replies
    1. നമ്മൾ സ്വയം മനസിലാക്കാനും ഒരു സമയാമെടുക്കും... അത് തിരിതെളിയിച്ചിടുന്നത് ഒരു അദ്ധ്യാപകനാൽ ആയിരിക്കും...

      Delete
  8. ആനന്ദ് പറഞ്ഞത് സത്യമാണ്.

    ഞാനൊക്കെ പഠിക്കുമ്പോൾ എന്റെ ബുദ്ധിയും, കഴിവും ഒക്കെ കണ്ട് സാർ ഇനി ക്ലാസിൽ വരണം എന്നില്ല പരീക്ഷക്ക് വന്നാൽ മതി എന്നൊക്കെ പറഞ്ഞത് ഇന്നും ഞാൻ ഓർക്കുന്നു. ഓഫ് '...., അതൊ ക്കെ ഒരു കാലം.
    പഠിക്കാത്ത കുട്ടികളെ ക്ലാസിലിരുത്തി പഠിപ്പിച്ച് എന്നെ ഒക്കെ പഠിപ്പ് കൂടാതിരിക്കാൻ പുറത്ത് നിറുത്തിയിരുന്നു.

    പറഞ്ഞ് വന്നത്...

    ആധുനിക വിദ്യാഭ്യാസം മുൻപോട്ടു വെയ്ക്കുന്നത് ശാസ്ത്രീയ വീക്ഷണമാണ്.. സമുഹത്തെ ശാസ്ത്രീയമായി നോക്കിക്കാണുക എന്നതാണ്‌ അതിന്റെ പരമമായ ലക്ഷ്യം.
    ആധുനിക വിദ്യാഭ്യാസമെന്ന പേരിൽ ഇന്ത്യയിൽ നാം കാണുന്നതും പ്രചരിപ്പിക്കുന്നതും കേവലം സാങ്കേതിക പഠനങ്ങളിൽ ഒതുങ്ങുന്നു. കുറച്ച് സങ്കേതിക വിദ്യാർത്ഥികളെയും വിദഗ്ദ്ധരെ സൃഷ്ടിക്കുന്നു എന്നതിനുപരി
    സാമൂഹ്യവസ്ഥയിൽ കാതലായ മാറ്റങ്ങൾ ഒന്നും തന്നെ വരുത്തുന്നില്ല. കാലങ്ങൾ കഴിഞ്ഞിട്ടും അയിത്തം, ജാതിചിന്തകൾ, അന്ധവിശ്വാസങ്ങൾ, അനാചാരങ്ങൾ ഇവയെല്ലാം രൂപഭേതങ്ങളോടെ സമൂഹത്തിൽ ഇന്നും നിലനിൽക്കുന്നു. ആധുനിക വിദ്യാഭ്യാസം മുൻപോട്ടു വെയ്ക്കുന്ന ശാസ്ത്രീയത അതിന്റെ പ്രയോഗികതലത്തിൽ ഉപയോഗിക്കപ്പെടുന്നില്ലാ എന്നതാണിതിന്റെ ന്യൂനത . എല്ലാത്തരം ശാസ്ത്രങ്ങളെയും മനപാഠമാക്കി പരീക്ഷകൾക്കു സജ്ജമാക്കുക മാത്രമാണ് ആധുനിക വിദ്യാഭ്യാസം ചെയ്യുന്ന സമകാലിക പ്രവർത്തനം. എന്നാൽ ശാസ്ത്രീയതയെ പ്രയോഗികതലത്തിൽ എത്തിക്കുകയും അതിനെ നിർവ്വചിക്കാൻ കുട്ടികൾക്കു കഴിയുമ്പോൾ മാത്രമേ ആധുനിക വിദ്യാഭ്യാസം അതിന്റെ കർമ്മതലത്തിൽ എത്തുകയുള്ളു.

    ReplyDelete
    Replies
    1. വ്യക്തം..... ഇതാണ് ആധുനികം വിഭാവനം ചെയ്യുന്നത്... പുറം മോടിയുള്ള വ്യർത്ഥമായ ചിത്രങ്ങൾ...

      Delete
  9. നന്നായിട്ടുണ്ട്.. ആശയത്തെ നന്നായി അവതരിപ്പിച്ചു...👍👍

    ReplyDelete
    Replies
    1. നന്ദി.. ആശയങ്ങൾ എത്തിക്കാൻ കഴിഞ്ഞു എന്നറിഞ്ഞതിൽ സന്തോഷം..😊
      .

      Delete
  10. "Education is the manifestation of perfection already in men" എന്ന് സ്വാമി വിവേകാനന്ദൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അങ്ങനെ ഉള്ളിൽ തന്ന ഒന്നിനെ കണ്ടെത്താനോ, അതിന്റെ ബലത്തിൽ നിവർന്നു നിൽക്കാനോ ആരെയും പ്രാപ്‌തരാക്കുന്നില്ല എന്നതാണ് നിർഭാഗ്യവശാൽ ആധുനിക വിദ്യാഭ്യാസത്തിന്റെ അപചയം.

    ReplyDelete
    Replies
    1. ഇപ്പൊ. നടക്കുന്നത് കച്ചവടവും ആരെ വെട്ടി ഞാൻ ജയിക്കണം എന്ന കിടമത്സരവുമാണ്.. പിന്നെങ്ങനെ സമൂഹത്തെ മനസിലാക്കാനാകും.. നമ്മുക്ക് ഒരോർത്തർക്കും അതിന്റെ ഭാഗമായത്തിന്റെ അപചയമുണ്ട്.. അതുകൊണ്ടാണ് ഇപ്പോഴും ചില കാര്യങ്ങൾക്കെതിരെ പൂർണമായ വിയോജിപ്പോ എതിരഭിപ്രായമോ നൽകാൻ കഴിയാത്തത്.. നമ്മളും അതിന്റെ ഇരയാണ്..

      Delete
  11. നിറങ്ങളും വരകളുമാണ് ശക്തി. പല അനുപാതത്തിൽ ചേർക്കുമ്പോൾ അർത്ഥസാഗരമാകുന്ന ജീവൻ തുടിക്കുന്ന ചിത്രങ്ങൾ. പക്ഷെ അതിനൊക്കെയും ഏകാത്മഭാവം. അതേ, ഒരേ ഭാവത്തിൽ വിവിധ അർത്ഥങ്ങൾ പ്രസരിക്കുന്ന തന്റേതായൊരു രീതി സൃഷ്ടിച്ചിരിക്കുന്നു. സമൂഹത്തിൽ പ്രകാശം പരത്താൻ നമ്മൾ പ്രകാശമായി കാണുന്ന ശ്രീ ബുദ്ധനെ ചിത്രങ്ങളുടെ ആത്മാവാക്കി പുനരവതരിപ്പിക്കുന്ന സമാനതകളില്ലാത്ത ചിത്ര രചനാ രീതി. ഇത്തരം ആവിഷ്കാരങ്ങൾക്ക് സമൂഹത്തിന്റെ വ്യക്തമായ മുഖമുണ്ട്. ആ മുഖത്ത് എല്ലാം തെളിഞ്ഞു കിടക്കുന്നുണ്ട്.

    ReplyDelete
    Replies
    1. ഇത്തവണ ഇതായിരിക്കും ഇഷ്ടപ്പെട്ടത്..അല്ലെ ബിലാത്തി ചേട്ടാ..😊

      Delete
  12. ആനന്ദ് ഇവിടെഇതാദ്യം വളരെ ചിന്തോദ്വീപകങ്ങളായ വരികൾ ഗൃഹാതുരത്വവും ഉണർത്തിയ ചിന്തകൾ!
    വീണ്ടും കാണാം എഴുതുക അറിയിക്കുക.
    എന്റെ ബ്ലോഗിൽ വന്നതിനും തന്നതിനും നന്ദി

    ReplyDelete
    Replies
    1. ഈ വാക്കുകൾ തന്നെ ധാരാളം..

      Delete
  13. ഒരു ശിഷ്യൻ ഗുരുവിനെഴുതുന്ന കത്തിൽ എനിക്കഭിപ്രായമില്ല. ആശങ്കയും ഗുരുഭക്തിയും സ്നേഹവും ഒക്കെ പ്രകടം. നല്ലത്.
    ആ കത്തിലെ വിഷയത്തെക്കുറിച്ച് അഭിപ്രായം പറയുകയാണെങ്കിൽ ഗുരുകുല വിദ്യാഭ്യാസം വളരെ ഗ്ലോറിഫൈഡ് ആണെന്നാണ് എന്റെ അഭിപ്രായം. കർണ്ണനെയും ഏകലവ്യനെയും ഒക്കെ ഓർക്കുക. താല്പര്യവും കഴിവും ഉള്ളവർക്ക് മറ്റെന്നത്തെക്കാളും സാധ്യത തുറന്നിടുന്ന ലോകമാണ് ഇന്നുള്ളത്. ഭാവിയിൽ, മനുഷ്യരൂപത്തിൽ ഒരു ഗുരു എന്ന ആശയം തന്നെ ഇല്ലാതാവും എന്നാണ് എനിക്ക് തോന്നുന്നത്.

    ReplyDelete
    Replies
    1. അങ്ങനെ എന്തിനൊക്കെ ഈ പ്രശ്നങ്ങളുണ്ട്.. എല്ലാത്തിനും പ്രശ്നങ്ങളുണ്ട്.. ഇന്നത്തേക്കാൾ ആത്മ ബന്ധം പുലരുന്നതും കഴിവുകളെ അടുത്തറിഞ്ഞു നേർവഴി നടത്തുന്നതിനും എനക്ക് നന്നാവും എന്നു തോന്നുന്നു വഴിയാണിത്.. ഇന്ന് മനുഷ്യ ബന്ധങ്ങളെക്കാൾ പ്രാധാന്യം നിങ്ങൾ പറഞ്ഞ പോലെ അമാനുഷികകരായ ഗുരുക്കന്മാർക്ക് ആണ്.. ഒരു കാര്യമോർക്കുക അവർക്ക് അവയ്ക്ക് വികാരമില്ല, ബന്ധമില്ല, സ്നേഹമില്ല( എല്ലാം അതിന്റെ നല്ല അർത്ഥത്തിൽ എടുക്കണം..അതാണ് ആഗ്രഹവും).

      Delete
  14. ആനന്ദ്, ഈയിടെ ഒരു പഠനം വായിച്ചിരുന്നു. വിദ്യാഭ്യാസം കൊണ്ട് നമ്മൾ ഈ കാലഘട്ടത്തിന് അനുസരിച്ചുള്ള ജീവിതത്തിലേക്ക് ഒന്നും നേടുന്നില്ല എന്നാണ് അവർ പറഞ്ഞു വെക്കുന്നത്. കാരണം, കാലം മാറിയും, reform ചെയ്തും മാറുമ്പോഴും വിദ്യാഭ്യാസ രീതികൾ മാറുന്നില്ല, നമ്മൾ moulds മാത്രം ഉണ്ടാക്കി കുട്ടികളെ ഏകരൂപ മാക്കി മാറ്റുന്നുവത്രെ. ഏകരൂപങ്ങളായ മുൻതലമുറക്ക് അതു തന്നെയേ തിരിച്ചു കൊടുക്കാനാകൂ, അതു കൊണ്ട് ആ രീതി മാഞ്ഞു പോകുവാൻ പഴയ തലമുറയിൽ പുതു രീതീ ശാസ്ത്രങ്ങൾ നട്ടു വെക്കാൻ രീതികൾ കൊണ്ടു വരേണ്ടത് ആവശ്യമാണ് എന്നതും അവർ പറയുന്നുണ്ട്

    ReplyDelete
    Replies
    1. പഴയതിൽ.. എന്നുവെച്ചാൽ നന്നേ പഴയതിൽ.. സമൂഹത്തിലേക്കുള്ള പഠനം ഉണ്ടായിരുന്നു.. ഇന്നങ്ങനെയല്ല.. അതാണ് ഞാൻ ഉദ്ദേശിച്ചത്.. ഇന്ന് മത്സരബുദ്ധിയോടുള്ള പഠനം മാത്രമാണ്.. ..
      ആ പറഞ്ഞത് നല്ല നിരീക്ഷണമാണ്..

      Delete
  15. നന്മകൾ... ആശംസകൾ

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾ സഭ്യമായ ഭാഷയിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്.
കമെന്റ് ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്നവർ Browser Cache Clear ചെയ്ത ശേഷം നോക്കുക..

തുടർന്നും സന്ദർശിക്കുക..

RECENT POST