Wednesday, November 6, 2019

ആർത്തവം
                        ഒരു ദിവസം വീട്ടിലെ അലമാര പരതിയപ്പോൾ അസാധാരണമായ ഒരു പൊതി കണ്ടു. ഒച്ചവെക്കാതെ അത് ഞാൻ കൈയ്യിൽ എടുത്തു. എവിടെയോ കണ്ട ഓർമയുണ്ട്, പക്ഷെ എവിടെയാണെന്ന് മനസിലായില്ല. അല്പം കൂടി ക്ഷമയോടെ ഞാനത് വായിച്ചു നോക്കി. 
സ്റ്റേ ഫ്രീ സെക്യൂർ,
അതെന്താണെന്ന് അറിയില്ല. പിന്നീട് പരസ്യം കണ്ടു, എന്നിട്ടും കാര്യം പിടികിട്ടിയില്ല. എന്നാൽ ഒരു വ്യത്യാസം എനിക്ക് കണ്ടെത്താൻ കഴിഞ്ഞു. എല്ലാ പരസ്യത്തിലും സ്ത്രീകൾ മാത്രമാണ് പ്രധാന കഥാപാത്രം. അപ്പൊ അത് സ്ത്രീ ബന്ധമുള്ളതാണെന്നു മനസിലാക്കി. ഇതിപ്പോ ആരോട് ചോദിക്കും എന്ന് അറിയില്ല. ഉള്ളിലുള്ള സംശയം ഒതുക്കി വെക്കുന്ന സ്വഭാവം എനിക്കില്ലാത്തതിനാൽ ഞാനത് ചോദിക്കാൻ തന്നെ തീരുമാനിച്ചു. പിറ്റേന്ന് ക്ലാസ്സിലെ ഒരു ചെക്കനോട് ചോദിച്ചു. 
അപ്പോഴേക്കും അത് എല്ലാവർക്കുമറിയാം, അവർ ഇതിനെക്കുറിച്ച് വാചലമാകുന്നത് കണ്ണും മിഴിച്ചു നോക്കി നിക്കാനെ എനിക്ക് കഴിഞ്ഞുള്ളു. അവയിൽ നിന്ന് കുറച്ച് കാര്യങ്ങൾ ഞാൻ മനസിലാക്കിയെടുത്തു.
ആർത്തവ ദ്രവത്തിന് അസഹ്യമായ മണമാണ്,
ആ സമയത്തു പെണ്കുട്ടികളുടെ അടുത്ത് നിൽക്കരുത്,
..വേദനയുണ്ടാകും …. അങ്ങനെ പല വിധ അനുമാനങ്ങളും അവരിൽ നിന്നും ഞാൻ ഉൾക്കൊണ്ടു. പക്ഷെ ഇത്രയും നാൾ എനിക്കങ്ങനെ ഒരു വാസനയോ മറ്റോ അറിയാൻ കഴിഞ്ഞിട്ടില്ലല്ലോ, ഇവർക്ക് പിന്നെങ്ങനെ മനസിലാക്കുന്നു എന്നൊക്കെ ഞാൻ ചിന്തിച്ചിരുന്നു.
എടാ, ആർത്തവ ദിവസങ്ങളിൽ പെണ്കുട്ടികൾ പുറത്ത് അധികം സഞ്ചരിക്കില്ല, അമ്പലത്തിലോ പൂജാമുറിയിലോ കയറില്ല, ഇങ്ങനെയൊക്കെയാണ് അത് തിരിച്ചറിയുക, ആ പിന്നെ, വയറു വേദന എന്നും പറഞ്ഞു ഏതെങ്കിലും കുട്ടികൾ പോകുന്നുണ്ടെങ്കിൽ അതും ഇതു തന്നെ.
എല്ലാം ശരി, ഞാൻ വിശ്വസിച്ചു. പക്ഷെ നമുക്കില്ലല്ലോ ഇങ്ങനെ???  
അവരുടെ തീക്ഷ്ണമായ നോട്ടം എന്റെ ചോദ്യത്തിനുള്ള മറുപടിയായി ഞാൻ മനസ്സിലാക്കി.  
ഈ ചോദ്യത്തിനുള്ള മറുപടി  അന്നെനിക്ക് കിട്ടിയില്ലെങ്കിലും ഒരു കാര്യം  മനസിലാക്കാൻ കഴിഞ്ഞു. സ്ത്രീകളെ സംബന്ധിച്ച് ഇതൊരു സാമൂഹിക പ്രശനം തന്നെയാണ്. കൂട്ടത്തിൽ നിന്നും അകറ്റി നിർത്തപ്പെടുക,  സാമൂഹികമായ ഇടപെടലുകളിൽ നിന്നും വേർതിരിവ്, അപമാനം … അങ്ങനെ പലതും. 


കാലങ്ങൾ പലത് കടന്നു പോയി. ‘എന്തുകൊണ്ട് ആർത്തവം ആണ്കുട്ടികൾക്കില്ല’ എന്ന ചോദ്യത്തിൽ നിന്നും ഏറെ മുന്നോട്ട് നീങ്ങി അതിന്റെ ശാസ്ത്രീയ അടിത്തറ വരെ മനസിലാക്കി സാമൂഹിക അവബോധമുള്ള മനുഷ്യനായി മാറിയ കാലം വന്നു ചേർന്നു.  അങ്ങനെ കുറെ നാൾ...
 എന്റെ കൂടെ ഉള്ളത് രണ്ട് പെണ്കുട്ടികൾ. ഞാൻ അവരുമായി സംസാരിച്ചിരിക്കുന്നു. പൊതുവെ സാമൂഹിക വിഷയങ്ങൾ സംസാരിക്കാത്തവർ ആയതിനാൽ ഞാൻ അവരുടെ വിഷയത്തെ അനുഗമിച്ചു. സമയമേറെ കടന്നു പോയി. ഇനി സംസാരിക്കാൻ ഒന്നുമില്ലെന്നായപ്പോൾ പിരിയാമെന്നു പറഞ്ഞെഴുന്നേറ്റു. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്. രണ്ടുപേരിൽ ഒരാളുടെ കുപ്പായത്തിൽ അല്പം വലുപ്പത്തിൽ ചോരക്കറ പുരണ്ടിരിക്കുന്നു. ആദ്യമൊന്ന് ശങ്കിച്ചിരുന്നെങ്കിലും പറയാതിരിക്കാൻ  മനസ്സ് സമ്മതിച്ചില്ല. ഞാൻ ചോരക്കരയിലേക്ക് വിരൽ ചൂണ്ടി. മന്ദസ്മിതം തൂകിയിരുന്ന ആ വദനം കാർനിഴലിൽ ചുളുങ്ങിപ്പോയി. ക്രൂരമായ അപമാനത്തിന്റെ അപായ മണി അവളുടെ ഹൃദയത്തിൽ ആഞ്ഞടിക്കുന്നു. അവളുടെ കൂട്ടുകാരിയും ഭയത്തിന്റെ നിഴലിൽ. സമൂഹത്തിന്റെ അപരിഷ്‌കൃതമായ വേരുകൾ അവളെ വരിഞ്ഞു മുറുകി. ദയനീയമായി എന്നെ നോക്കി. എന്നിൽ നിസ്സഹായത ആഴ്ന്നിറങ്ങിയിരുന്നു. സഹതാപമോ സങ്കടമോ എന്റെ മുഖത്ത് നിഴലിച്ചിരിക്കാം, അവൾ തല താഴ്ത്തി. കണ്ണ് കണ്പീലികൾ പോലും വിറങ്ങലിച്ചു പോയിരുന്നു. ഇറ്റു വീഴുന്ന കണ്ണുനീർത്തുള്ളികൾക്ക് പോലും ചടുലമായ താളം. അപമാനത്തിന്റെ കൈകൾ അവളെ വളയുന്നതിനു മുൻപ് ഞാൻ ഇടപെട്ടു.
 എന്റെ ബാഗ് നീയിട്ടൊ, ഞാൻ പിന്നിൽ നടക്കാം, കൂട്ടിനു ഇവളുമുണ്ടല്ലോ. നീ പേടിക്കേണ്ട കാര്യമില്ല. ആരുമറിയില്ല.
 നിന്റെ ബാഗിൽ…
പ്ലീസ്.. നീ നടക്ക്. 
അധികം സംസാരമൊന്നുമില്ലാതെ ഞങ്ങൾ മുന്നോട്ട് നീങ്ങി. അവളുടെ കൈകൾ തണുത്തുറഞ്ഞിരുന്നു. സിരകൾക്ക് നീല നിറം, മുഖം ചുളിഞ്ഞിരിക്കുന്നു, ചുണ്ടുകളിൽ വരൾച്ച.  സമൂഹത്തിന്റെ മൽപ്പിടുത്തങ്ങളിൽ നിന്നും നീന്തി കയറി, കരയടുത്തപ്പോൾ അവളെന്നെ നോക്കി. നീലിച്ച കൈകളിൽ ചെഞ്ചോരയുടെ ഒഴുക്ക് തുടങ്ങിയിരിക്കുന്നു, മുഖം പ്രസാദിച്ചിച്ചിരിക്കുന്നു.  എന്റെ കൈ ചേർത്തുപിടിച്ചു അവൾ പറഞ്ഞു, “മനുഷ്യനായി പിറന്നവന്റെ മനസ്…. അതിങ്ങനെയാണ്”.
 ഭീകരമായ സാമൂഹിക വീക്ഷണങ്ങളുടെ അങ്കലാപ്പുകൾ ഒരു സ്ത്രീയെ എത്രത്തോളം പിന്നോട്ട് വലിക്കുന്നുണ്ടെന്ന് അന്നെനിക്ക് മനസിലായി. ആ സമൂഹത്തിൽ ചെറിയൊരു തരത്തിലെങ്കിലും വേർതിരിവ് കാണിക്കാതിരിക്കാൻ സാധിച്ചതിൽ കൃതജ്ഞത സ്വയം പ്രകടിപ്പിച്ചുകൊണ്ട് ആ രംഗത്തിൽ നിന്നും ഞാൻ പിൻവാങ്ങി.

12 comments:

  1. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഇത്തരം കാര്യങ്ങളെക്കുറിച്ചു പേടിപ്പിക്കാത്തതിന്റെ ഒരു ഫലമാണ് ഈ സോഷ്യൽ സ്റ്റിഗ്മ.

    ReplyDelete
    Replies
    1. അതേ...ജൻഡർ ക്ലാസ്‌കൾ എല്ലാർക്കും ഒരേ പോലെ കൊടുക്കണം..

      Delete
  2. അങ്ങനെ അപമാനിതയാകാൻ ഒന്നുമില്ല എന്ന് മനസ്സിലാക്കാനും അഭിമാനിനി ആകാനുള്ളതാണിതെന്നും മനസ്സിലാക്കാൻ ഓരോ സ്ത്രീയും കാലം ഏറെ എടുക്കും.. ചിലർ മനസ്സിലാക്കുകയും ഇല്ല

    ReplyDelete
    Replies
    1. അതിന് സമൂഹത്തിന്റെ സമ്മർദ്ദമാണ് കാരണം.. പൊതു സമൂഹം സ്ത്രീകൾ ഉൾപ്പെടെ ഈയൊരു ചിന്താഗതിയിൽ നിന്നും മാറുന്നയിടത്ത് അഭിമാനത്തിനുള്ള നേരമാകും..

      Delete
  3. ഇന്ന് ആർത്തവമൊന്നും അത്ര വലിയ കാര്യമല്ല. എന്റെ ഒക്കെ കുട്ടിക്കാലത്ത് ഈ സമയത്ത് 5 ദിവസം പ്രത്യേകം കിടക്കണം. അതിനായി പ്രത്യേക പായ , പുതയ്ക്കാൻ ലുങ്കി , തലയണയായി ഉപയോഗിക്കാൻ പലക . ഇന്ന് പാഡുകൾ ഉപയോഗിക്കുന്നു. അന്ന് അലക്കിയ തുണികളാണ് ഉപയോഗിച്ചിരുന്നത്

    ReplyDelete
    Replies
    1. കാലം ഓരോന്നിനെയെയും മാറ്റിക്കൊണ്ടിരിക്കും.. കല്ല് ഉരുളുന്നത് പോലെ, തുടക്കത്തിൽ കൊറേ പൂപ്പലുകൾ പിടിച്ചിട്ടുണ്ടാവും പൂർണ ഗോളമല്ലാത്ത രൂപവുമായിരിക്കും... അവ ഉരുണ്ട് ഉരുണ്ട് വൃത്തിയുള്ള പൂർണ ഗോളമായി മാറും.. അതാണ് കാലവും..

      Delete
  4. കൊള്ളാം. ഇനിയുള്ള കാലം എന്തെല്ലാം പാഠങ്ങൾ പഠിക്കാൻ കിടക്കുന്നു.

    ReplyDelete
    Replies
    1. മുമ്പെ പഠിക്കേണ്ടത് മനപ്പൂർവം വിസ്മരിച്ചതാണ് നമ്മുടെ പാഠ്യപദ്ധതികൾ..

      Delete
  5. വളരെ നല്ല പോസ്റ്റ്‌. ആർത്തവ കാലത്തെ പേടിസ്വപ്നം തന്നെയാണ് ആ വട്ടത്തിൽ പടർന്നത്...
    സാനിറ്ററി നാപ്കിനും കടന്നു മെൻസ്ട്രൽ കപ്പ്‌ വന്നതോടെ സ്ത്രീകൾ കൂടുതൽ സ്വാതന്ത്ര്യം നേടിയിരിക്കുന്നു .!!
    അതിന്റെ ഒരു പരമാനന്ദവും ആത്മവിശ്വാസവും ഒന്ന് വേറെ തന്നെയാണ്.
    സ്കൂളുകളിൽ കുട്ടികളെ ഇത് നേരാവണ്ണം പഠിപ്പിക്കുന്നില്ല . മെൻസസ് , റീപ്രൊഡക്ഷൻ എല്ലാം പഠിപ്പിക്കാനും കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി കൊടുക്കാനും പല ടീച്ചേഴ്സിനും നാണമാണ് . അതുകൊണ്ട് തന്നെ കുട്ടികൾ ഈ കാര്യങ്ങൾ പലപ്പോഴും സ്വയം അന്നോഷിച്ചു പഠിക്കുന്നു . അത് പലപ്പോഴും അപൂർണ്ണവും ചിലതൊക്കെ തെറ്റായ അറിവുകളും ആയിരിക്കും .!!

    ReplyDelete
    Replies
    1. പഠിക്കുക എന്നതിന്റെ അർത്ഥം വായിക്കുക എന്നു മാത്രമായി.. യാഥാർഥ്യം അന്ന്യം നിൽക്കുന്നു..

      Delete
  6. Dear moms, Teach them about hygiene. But we tell them about restrictions and taboos.

    ReplyDelete
    Replies
    1. അതേ.. അതാണല്ലോ പ്രശ്നം... ദുരന്താചാരങ്ങൾ....

      Delete

നിങ്ങളുടെ അഭിപ്രായങ്ങൾ സഭ്യമായ ഭാഷയിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്.
കമെന്റ് ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്നവർ Browser Cache Clear ചെയ്ത ശേഷം നോക്കുക..

തുടർന്നും സന്ദർശിക്കുക..

RECENT POST