Thursday, April 2, 2020

നീലാംബരി

  ഹാൾ ഓഫ് ഫെയ്ത്തിന്റെ വലതു മൂലയിലായി ഇട്ടിരിക്കുന്ന മേശയ്ക്ക് ചുറ്റുമാണ് ഞങ്ങൾ എന്നും ഇരിക്കാറുള്ളത്. കോളേജിലെ ഏറ്റവും വലിയ ഹാൾ ആണിത്. എല്ലാവരും അവരവരുടെ പ്രോജക്ടുകളും മറ്റും ചെയ്തുകൊണ്ട് വിശ്രമിക്കുന്ന ഒരിടം. പി ജി ആയതിനാൽ ട്രെയിനിങ് പ്രോജക്ട് ആണുള്ളത്, അതുകൊണ്ട് ഒരു ദിവസത്തിന്റെ മുഴുവൻ സമയവും ഇവിടെ തന്നെയായിരിക്കും ചെലവഴിക്കുക . റഫറൻസോ മറ്റോ ഉണ്ടെങ്കിൽ മാത്രം ഓഫീസർമാരെ സമീപിക്കും. സദാസമയവും അവരുടെ മേൽനോട്ടം ഞങ്ങളിൽ ഉണ്ടാവാറുണ്ട്. സൈദ്ധാന്തികമായ പഠനത്തെ അമിതമായി പ്രോത്സാഹിപ്പിക്കാതെ പരമാവധി പ്രായോഗിക തലത്തെ ഉപയോഗപ്പെടുത്തുവാനാണ് ഇവിടെ പഠിപ്പിക്കുന്നത്. അതിനാൽ ഇവിടെ സ്വാതന്ത്ര്യത്തിന്റെ കവാടം ഞങ്ങൾക്ക് വേണ്ടി തുറന്നു തന്നിരിക്കുകയാണ്. ട്രൈനിംഗിന്റേതായ നിയന്ത്രങ്ങളോടെയുള്ള സ്വാതന്ത്ര്യം കാരണം ഈ ജോലിയുടെ സ്വാഭാവികമായ ചലനങ്ങൾ ഞങ്ങളുടെ ദൈനംദിന  ജീവിതത്തിലെ ഓരോ പ്രവർത്തികളിലും പ്രതിഫലിക്കാറുമുണ്ട്.

പുസ്തകങ്ങൾ എടുക്കുന്നതിന്റെ കൂട്ടത്തിൽ നിന്നും എന്തോ ഒരു കടലാസ് നിലത്ത് പോയി. അതറിയാതെ മറ്റു ചിലത് കൂടി എടുക്കുകയായിരുന്നു ഞാൻ. എന്റെ ശ്രദ്ധ ഹനിക്കാതെ തന്നെ നേരെ മുന്നിലിരുന്നുകൊണ്ട് അവളതെടുത്തു. എന്നിട്ട് ഞാൻ കാണാതെ അവളുടെ പുസ്തകത്തിന്റെ ഇടയിലേക്ക് തിരുകി വെച്ചു.  അതിനിടയിൽ ഒരു ഓഫീസർ വിളിപ്പിച്ചിട്ട് എനിക്ക് അങ്ങോട്ട് പോകേണ്ടി വന്നു.
 എന്റെ കൈയിലൊരു സർട്ടിഫിക്കറ്റ് ബോർഡ് ഉണ്ടായിരുന്നു.അൽപ്പം പോളിഷ് ചെയ്തു മോടി പിടിപ്പിച്ച പുറം ചട്ടയൊക്കെയുള്ള ഒന്ന്. അതിൽ എന്റേതായി ഒരുപാട് കടലാസുകളും ചിത്രങ്ങളുമുണ്ടായിരുന്നു. എനിക്ക് മാത്രം മനസിലാകുന്ന കുറച്ച് എഴുത്തുകുത്തുകൾ. ആരെയൊക്കെയോ കാത്തുകിടക്കുന്ന വിലാസം രേഖപ്പെടുത്താത്ത കത്തുകൾ. ഈ കത്തുകളിൽ പലതും എത്തിപ്പെടേണമെന്നു ഞാൻ ആഗ്രഹിക്കുന്ന കുറച്ചു വിലാസങ്ങൾ. കൊച്ചു കൊച്ചു സന്തോഷങ്ങളുടെ വഴി തേടുന്ന പാഠങ്ങൾ, ചില്ലറ രേഖപ്പെടുത്തലുകൾ, ചില രഹസ്യങ്ങൾ അങ്ങനെ കുറെ. എന്നെക്കൂടാതെ മറ്റാരും അത് ശ്രദ്ധിക്കാറുമില്ല എടുക്കാറുമില്ല. പക്ഷെ അന്ന് അവളത് തുറന്നു,  നിലത്ത് വീണ ആ കടലാസിന്റെ പ്രേരണയാൽ. 

"""""
1.പ്രിയപ്പെട്ട കുട്ടി,

എനിക്ക് പ്രിയപ്പെവരെ, അല്ലെങ്കിൽ വ്യക്തിപരമായി അടുപ്പുമുള്ളതായിട്ട് തോന്നിയവരെ ഞാൻ കുട്ടീ എന്നാണ് അഭിസംബോധന ചെയ്യാറുള്ളത്. അങ്ങനെയുള്ള പെൺകുട്ടികൾക്ക് ആണ് അത് ചേരുക. എന്നാൽ ആൺകുട്ടികളെ അത്തരത്തിൽ ചങ്ങായി എന്നും വിളിക്കും. അതുകൊണ്ട് നിന്നെ, എന്റെ അടുപ്പം ഞാൻ തിരിച്ചറിഞ്ഞതിനാൽ  കുട്ടി എന്നു വിളിക്കുന്നു. 
     ഒരുപാട് നാളത്തെ ആലോചനക്ക് ശേഷമാണ് കത്ത് അയക്കാൻ തീരുമാനിച്ചത്. പറയാനുള്ളത് ഒരുപാടൊന്നുമില്ല, പക്ഷെ അതെല്ലാം വാക്കുകളായി മാത്രം ജനിക്കാതെ പോയ എന്റെ സന്ദേശങ്ങൾ മാത്രമാണ്. കാരണം ഇവയെ എന്റെ കണ്ണുകളിലോ ചിരിയിലോ പലപ്പോഴായി നീ കണ്ടു പരിചയപ്പെട്ടിരിക്കും. അതെല്ലാം എനിക്കിനി വാക്കുകളാക്കി ദൂത് അയക്കേണ്ടി വരുമെന്നത് അൽപ്പം വിഷമം നൽകുന്നതാണ്.  എങ്കിലും ഇനിയും വൈകരുതെന്നു എന്റെ മനസ് പറയുന്നു. എന്നാൽ….. വെറും വാക്കിനാൽ നീയിതൊന്നും അറിയരുത്, അതിൽ എന്താണ് എനിക്കൊരു സന്തോഷമുള്ളത്. ഒരുപക്ഷേ ഞാൻ വാക്കുകൊട്ടാരങ്ങൾ കെട്ടി പൊക്കി വരുമ്പോഴേക്കും നിന്റെ മനസിൽ എന്നെക്കുറിച്ചു മറുത്തൊരു ചിന്ത വന്നാലോ. അതുകൊണ്ട് അത് മനസിലാക്കി വരുന്ന സമയമത്രയും നിന്റെ ശ്രദ്ധ പൂർണമായും എന്നെ തേടുന്നതിലായിരിക്കണം, ആ നേരമെങ്കിലും എനിക്ക് സന്തോഷിക്കാമല്ലോ.

നീ നിന്റെ പേരിനെ അന്വേഷിക്കൂ, അതിൽ ഒരിടത്ത് ഞാൻ ഉണ്ട്. അത് കിട്ടിയാൽ അതിന്റെ കൂടെ എന്നെക്കുറിച്ചു ചിലത് പറഞ്ഞുവെച്ചിട്ടുണ്ട്. ആ പറഞ്ഞത് വായിക്കുമ്പോഴേക്കും നിനക്കായ് ഒരു കടങ്കഥ ഒരുങ്ങും. അതിനു ശേഷം നമുക്ക് നേരിട്ട് സംവദിക്കാം. സമാധാനം കൈവെടിയാതെ , ഉള്ളിലേക്ക് സ്വയം ഇറങ്ങിച്ചെല്ലുക.

                                .സ്വന്തം തമസ്യ.

                                                                       """"
   

വളരെ രഹസ്യായിട്ടാണ് അവളിത് വായിച്ചത്. ഞാൻ പുറത്തു പോയ സമയം, കൂടെയുള്ളവർ അതുവരെ എത്തിയിരുന്നില്ല. അതോടെ എന്റെ രഹസ്യത്തിന്റെ ചട്ടക്കൂട് പൊളിക്കാൻ അവൾക്ക് ആകാംക്ഷയേറി. ട്രെയിനിങ്ങിന്റെ രീതിയിലേക്ക് അവൾ ചിന്തിച്ചു തുടങ്ങി. കത്തിന്റെ വിശദമായ പരിശോധനയിലേക്ക് കടന്നു. തിരിച്ചും മറിച്ചും നോക്കി, ആരുടെയും പേരോ മേൽവിലാസമോ ഇല്ല.
 അച്ചടിച്ച പതിപ്പാണ്, അതുകൊണ്ട് തന്നെ ഇതിനൊരു കൈയെഴുത്ത് പ്രതി തീർച്ചയായും ഉണ്ടാവും. 
അതിനു വേണ്ടിയാണ് എന്റെ രഹസ്യ ബോർഡ് അവൾ തുറന്നത്. 
കുറെ ഏറെ എഴുത്തുകൾ കാണുന്നുണ്ടല്ലോ!! ഇതിലേതാണ്? 
'പ്രിയപ്പെട്ട കുട്ടി'യിൽ തുടങ്ങുന്ന ഒന്നും തന്നെയില്ല, പക്ഷെ എല്ലാത്തിലും സ്വന്തം തമസ്യയുണ്ട്. ഇതിൽ എവിടെയോ ആ പേരുണ്ട്, എല്ലാമുണ്ട്. അവൾ ഓരോന്നായി വായിക്കാൻ തുടങ്ങി. 

2.പ്രിയപ്പെട്ട പരാജിതാ,

  ഞാൻ അറിഞ്ഞതിൽ വച്ച് ഏറ്റവും മികച്ച പരാജിതൻ നീയാണ്. ഓർമ്മ വെച്ച നാൾ മുതൽ അറിയാവുന്നതാണ്. പക്ഷെ ആ പേരിൽ നിന്നെ വിളിക്കുമ്പോൾ ഞാൻ കൂട്ടിച്ചേർക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യമുണ്ട് , എന്തു കാര്യത്തിലാണ് നീ പരാജിതനായതെന്ന്. അല്ലെങ്കിൽ ഒരിക്കലുമത് പൂർണമാവുകയില്ല. മറ്റു പല കാര്യങ്ങളിലും എല്ലാവരെയും പോലെ നീയും മുന്നോട്ട് പോയിട്ടുണ്ട്. അപ്പോൾ പിന്നെ പരാജിതാ എന്നു മാത്രം വിളിക്കാൻ കഴിയുമോ? സുഹൃത്തേ ക്ഷമിക്കൂ, പ്രിയപ്പെട്ട പ്രണയ പരാജിതാ…….

ഇത് മുഴവനില്ലല്ലോ…. എന്നാലും ആരാണ് ഈ പരാജിതൻ..പാവം.  

3.പ്രിയപ്പെട്ട ഇരട്ടകളെ,

 എന്താണ് സൗഹൃദമെന്നു ഞാൻ അറിഞ്ഞിരിക്കുന്നത് മറ്റാരിൽ നിന്നുമല്ല, നിങ്ങളാണ് അതിനുള്ള ഹേതു………….

'കുട്ടി' എവിടെ?… അനാവശ്യമായ ഒരുപാട് കടലാസുകളുണ്ടല്ലോ ഇതിൽ…. ആഹ്..ഒന്ന് കൂടി...

4.നഷ്ട്ടപ്പെടുന്ന നീലാംബരീ,

       കുട്ടീ, എന്നു നീ എനിക്ക് ചുറ്റും പറക്കാൻ തുടങ്ങിയോ അന്നുമുതൽ ചുറ്റുമുള്ളവർക്ക്  ഇതൊരു അസൂയാവഹമായ കാര്യമായിരുന്നു. എന്തിനായിരുന്നു നിന്റെ പ്രദക്ഷിണം, ഞാനൊരു പ്രതിഷ്ഠയോ ദേവനോ ആയിരുന്നില്ല. പിന്നെന്തിന് നീ എന്നിലേക്ക് പൂവുകൾ അർപ്പിച്ചു. നീയൊരു സുന്ദരിയാണ്, മനോഹരിയാണ്. നിന്റെ നിഷ്കളങ്കമായ ചിരിയിൽ വിടരുന്ന പൂവുകളെയും നുണക്കുഴിയിൽ  നിറഞ്ഞു തുളുമ്പുന്ന താമരക്കുളത്തെയും ഞാൻ എന്നും ആസ്വദിക്കാറുണ്ട്. അതിൽ നീന്തിത്തുടിച്ച്, ഈറനാൽ നിന്റെ കൺ പടവുകളിലേക്ക് കയറിച്ചെന്ന് ആ തിളക്കത്തോടൊപ്പം രമിക്കാൻ ആരും മോഹിക്കും. എന്നാൽ ഞാൻ നിന്റെ ആകർഷണാപാത്രമായി എന്നറിഞ്ഞതിൽ എനിക്കിപ്പോഴും അത്ഭുതം തോന്നുന്നു. ഇവിടെ, ഞാനത് അറിയാതെ പോയതായിരുന്നു എന്റെ പരാജയം. പക്ഷേ ഇപ്പൊ ഞാനത് മനസിലാക്കുന്നു, കാലമേറെ വൈകിയിരിക്കാം അല്ലെ? നഷ്ടബോധത്തിന്റെ ഭാരവും പേറി ഞാൻ ഇനിയുമെന്റെ യൗവ്വനത്തെ ജീവിതത്തിന്റെ മധ്യാഹ്നത്തിലേക്ക്   ക്ഷണിക്കേണ്ടതുണ്ടോ?
….

( ഒരിക്കലും അയക്കാൻ പാടില്ലാത്ത കത്ത് ). 

നീലാംബരി. ഇവിടെയായിരിക്കാം ഉത്തരങ്ങൾ  ഒളിഞ്ഞു കിടക്കുന്നത്. ഏഹ്.. അങ്ങനെയൊരു കഥാപാത്രം എവിടെ  നിന്നും വന്നു? പറഞ്ഞിട്ട് പോലുമില്ലല്ലോ. എന്തായാലും ഇത് അവന് നഷ്ടമായ പ്രണയമാണ്. അവൻ തിരിച്ചറിയാൻ വൈകിയത് കൊണ്ട് വാടിപ്പോയത്. ഈ കോളേജിൽ അങ്ങനെ ആരാണ്, അല്ലെങ്കിൽ മുന്നേ പഠിച്ചയിടത്താണോ, നോക്കാം.  ഈ കടലാസുകൾക്കിടയിൽ നിന്ന് ഉത്തരം കണ്ടെത്തുക പ്രയാസമാണ്, എന്നാലും എല്ലാം ഇവിടെ നിന്നും കിട്ടാൻ സാധ്യതയുള്ളതിനാൽ പരിശോധിക്കുന്നതാണ് ഉത്തമം.

ഇനി ഒന്നാമത്തെ കത്ത് നീലാംബരിക്ക്  അയക്കാനുള്ളതാണോ? ഒരിക്കലും അയക്കാൻ പാടില്ലാത്ത ഈ കത്തിന് പകരമായിരിക്കുമോ അത്? അപ്പോൾ മേൽവിലാസങ്ങളിൽ അന്വേഷണം നടത്തണം, അതിൽ ആർക്കൊക്കെ നീലാംബരിയായി പരകായ പ്രവേശനം നടത്താൻ കഴിയും! അയക്കാനുള്ളതാണെങ്കിൽ വിലാസങ്ങളും അല്ലെങ്കിൽ പേരുകൾ മാത്രവും കാണാൻ സാധിക്കും. അതിൽ കുറിച്ചിട്ട പേരുകളിലേക്കും വിലാസങ്ങളിലേക്കും അവൾ കണ്ണുകൾ പായിച്ചു.

ഞാൻ വരുന്നത് ദൂരെ നിന്ന് കണ്ടപാടെ  അവൾ വെപ്രാളപ്പെടാതെ എല്ലാം അതേപോലെ തന്നെ വെച്ചു, വീണുപോയ കടലാസ് ഉൾപ്പെടെ. ഇന്നാണെങ്കിൽ കൂടെയുള്ളവരാരും വന്നിട്ടുമില്ല, അത് കൊണ്ട് അവൾ കൂടുതൽ കൗശലക്കാരിയായി.  വെറുതെ പുസ്തകത്തിന്റെ പേജുകൾ മറിച്ചു കൊണ്ടിരുന്നു. എന്നിട്ട് ഒന്നിൽ നീലാംബരിയെന്നു എഴുതി വച്ചു. ഞാൻ വന്നു നേരെ എതിർ വശത്തായി ഇരുന്നു. അഭിമുഖത്തിന് വന്ന പാനൽ ജഡ്ജിലൊരാളെ പോലെ അവൾ എന്നെ നോക്കി. എന്റെ കണ്ണുകളിൽ തലേ ദിവസത്തെ ഉറക്ക ചടവല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. പുസ്തകം എടുക്കുന്നതിന്റെ ഇടയിൽ അവൾ എന്റെ കൈയിൽ പിടിച്ചു. 
"എന്താ?".
"എന്താണ് ഈ നീലാംബരി?"
"എഹ്. എന്ത്?".
"ഇതെന്താണ്?". 
ആ പേജിലേക്ക് നോക്കി സംശയമേതുമില്ലാതെ ഞാൻ പറഞ്ഞു. "അതിപ്പോ ആര് വേണമെങ്കിലും ആകാലോ, നീല വസ്ത്രം ധരിച്ചവൾ എന്നല്ലേ അർത്ഥം. ഇവിടെ എല്ലാ   ദിവസവും ആരെങ്കിലുമൊക്കെ നീലയിടുമല്ലോ. കൂടാതെ അതൊരു നല്ല പേരല്ലേ?". 

"ഓഹ്... ബ്ലോഗിനുള്ള പേരായിരിക്കും ല്ലേ.. ശരി. നല്ല പേരാണ് . അല്ല നിനക്കിന്ന് കത്തയക്കാൻ പോകണ്ടേ. ഇന്നലെ പറഞ്ഞിരുന്നു."

"ഓഹ് ഞാനത് മറന്നുപോയി. നേരത്തെ പോയപ്പോൾ അതും കൂടെ ചെയ്താൽ മതിയായിരുന്നു. ഇനി പിന്നെ പോകാം. ഒന്നാമതെ ആരുമില്ല, ഞാൻ ഇങ്ങനെ ഇടക്കിടെ പോയാൽ സമയം നഷ്ടമാകും. നാളെ ലാബ് ഇല്ലേ? മറ്റന്നാൾ റിപ്പോർട്ട് വെക്കേണ്ടതല്ലേ?".

"അത് ഞാൻ ഒറ്റക്ക് ചെയ്തോളും നീ പോയിക്കോ, സമയമുണ്ട്, സാരമില്ല". എന്റെ അസാന്നിധ്യത്തിനായി അവൾ നിർബന്ധിച്ചു.

കടലാസ് ഏതാണെന്നു കാണിക്കാതെ ഒരു പോസ്റ്റ് കവറും കൂടെയെടുത്ത്  ഞാൻ ഇറങ്ങി.

ആ നിമിഷത്തിന് കാത്തിരുന്നുവെന്ന പോലെ അവൾ വീണ്ടും എന്റെ രഹസ്യങ്ങളുടെ കെട്ട് തുറന്നു. 
ഏത് കത്താണ് കൊണ്ടു പോയതെന്ന് മനസിലാകുന്നില്ലല്ലോ. ആ കടലാസ് കൂട്ടങ്ങളിൽ ആകെയുള്ള നാല് കത്തുകളും അവിടെ തന്നെയുണ്ട്. പിന്നെ എന്താണ് അവൻ കൊണ്ടുപോയത്, ഞാൻ വല്ലതും വിട്ടുപോയോ. അവൾക്ക് സംശയമേറി. അങ്ങനെ ഓരോന്നായി വായിച്ചു നോക്കി വന്നപ്പോൾ വളരെ ചുരുങ്ങിയ വരികളിൽ എഴുതിയ മറ്റൊരു കത്തുകൂടി കണ്ടു. അതാണെങ്കിൽ സർട്ടിഫിക്കറ്റ് ബോർഡിന്റെ ചട്ടയോട് ചേർന്നുള്ള പ്ലാസ്റ്റിക് പോക്കറ്റിൽ പ്രത്യേകമായി സൂക്ഷിച്ചതായിരുന്നു. പുറം തിരിച്ചായിരുന്നു വെച്ചത് .. 

5.പ്രിയപ്പെട്ട കുട്ടീ,

      അപൂർണ്ണമായ ഒരുപാട് സംഭവങ്ങളുടെ സങ്കലനമാണ് ജീവിതം. 

.സ്വന്തം തമസ്യ.

അതൊരു സത്യമാണ്, എല്ലാം കൂട്ടിച്ചേർക്കേണ്ടത് അനിവാര്യമാണ്. ഒന്ന് ഒന്നിനോട് ബന്ധപ്പെട്ടുകിടക്കുന്നു. ഇതെല്ലാവരോടും പറയാവുന്ന വസ്തുതയാണ്. കുറച്ചു നേരം ഈ അഞ്ച് കത്തുകളെക്കുറിച്ച് അവൾ ആലോചിച്ചിരുന്നു.  ഈ കത്തുകളൊക്കെയും അപൂർണ്ണമായിരുന്നു എന്നുവേണം കരുതാൻ. അപ്പോൾ ഇതൊക്കെയും കൂട്ടിച്ചേർത്തു വായിക്കേണ്ടതുണ്ട്. ഒന്നാമത്തെ കത്തിൽ നിന്ന് തുടങ്ങാം. അതിലാണ് അവളിലേക്കുള്ള വഴി എഴുതിചേർത്തത്. അവളോട് സ്വന്തം പേര് തിരയാൻ പറയുന്നതിലൂടെ അവനെ അറിയാൻ കഴിയുമെന്ന് പറയുന്നുണ്ട്. എനിക്ക് പേര് തിരഞ്ഞപ്പോൾ കിട്ടിയത് നീലാംബരി. പക്ഷെ അത് ഈ രഹസ്യ ഫയലിൽ തിരഞ്ഞാലെ കിട്ടാൻ സാധ്യതയുള്ളൂ. എന്നുവെച്ചാൽ ഈ കത്തുകൾക്ക് ഒന്നിച്ചു നിന്നാൽ മാത്രമാണ് ഗുണം ചെയ്യാൻ കഴിയുക. അതിന് ബലം നല്കുന്നത് അവൾ എപ്പോഴും അവന്റെ കൂടെ ആയിരുന്നു എന്നതാണ്. അല്ലെങ്കിൽ ഒന്നിച്ച് അയക്കേണ്ടതാണ്, അങ്ങനെ ചെയ്യുന്ന വരെയും ഈ രീതിയിൽ കണക്കുകൂട്ടാം. ഒന്നാമത്തെ കത്തിൽ സൂചിപ്പിച്ച പോലെ വാക്കുകളുടെ രൂപം പ്രാപിക്കാത്ത സന്ദേശങ്ങൾ, ചിരിയിലൂടെയും കണ്ണുകളിലൂടെയും സഞ്ചരിച്ച സന്ദേശങ്ങൾ.  അതേ അവൾ അവന്റെ കൂടെയുണ്ടായിരുന്നു. ഇപ്പോൾ അവൾ കൂടെയില്ലെങ്കിൽ അയക്കാതിരിക്കുന്നതിന്റെ പ്രാധാന്യം എന്താണ്? ഇത് തമസ്യയുടെ സമസ്യയാണ്. പക്ഷെ രണ്ടാമത്തെ കത്ത് സംസാരിക്കുന്നത് സൗഹൃദത്തെ കുറിച്ചല്ലേ?
അവൾ ഒന്നുകൂടി അതെടുത്തു. 

…….. നീയെന്ന പ്രണയിനിയും നീയെന്ന സുഹൃത്തും എന്നെ സൗഹൃദം പഠിപ്പിച്ചു. ഇനി പ്രണയത്തിനായി ഞാൻ കാത്തിരിക്കേണ്ടതുണ്ട്....  

കത്തിലെ ഈ വരികൾ കണ്ടപ്പോൾ നേരത്തെ ഇത് മുഴുവനാക്കാത്തതിൽ അവൾക്ക് നീരസം തോന്നി. ഇതും അപൂർണ്ണമാണ്, എന്നാൽ ഇത് മറ്റുള്ളവയെ പൂർണമാക്കാൻ സഹായിക്കുന്നുണ്ട്. അവന്റെ കൂടെയുള്ള അല്ലെങ്കിൽ കൂടെ ഉണ്ടായിരുന്ന ഒരാൾക്ക് വേണ്ടി തയ്യാറാക്കിയതാണ്. അതായത് എനിക്ക് വേണ്ടിയും ആവാൻ സാധ്യതയുണ്ട്. അവളിലൊരു അത്ഭുതത്തിന്റെ തിരി തെളിഞ്ഞു. ആ സാധ്യതയിലേക്കൊന്നു സഞ്ചരിച്ചു നോക്കാം. 
ഞാൻ എന്റെ പേരാണ് ഇത്രയും നേരം തിരഞ്ഞത്. അതിലൊരു പരാജിതനെ കണ്ടു, അത് അവൻ ആണോ? എന്നെ കണ്ടു നീലാംബരി ആയിരിക്കും, സുഹൃത്തും കാമുകിയുമായി ഇരട്ടയെ കണ്ടു. അതും എന്നിലേക്ക് ആവാഹിക്കാവുന്നതാണ്. ഒടുവിൽ അഞ്ചാമത്തെ കത്തിൽ ഒരു കടങ്കഥയും. എല്ലാത്തിനെയും കൂട്ടിച്ചേർക്കാനുള്ള ആഹ്വാനം പോലെ കാണാം . ഇതൊന്നുമല്ലാത്ത ഒരു കത്ത് എനിക്ക് വരുകയും ചെയ്യും. കൂടെയുള്ളവർ വരാത്ത ഈ ദിവസം തന്നെ കടലാസ് നിലത്തു വീണതിൽ യാതൊരു  അത്ഭുതവുമില്ല. ഈ സാഹചര്യങ്ങളെല്ലാം എന്നിൽ പൂർത്തീകരിക്കുന്നുണ്ട്. രണ്ടു ചോദ്യങ്ങളിൽ ഒന്നിന് കൂടി ഉത്തരം കിട്ടിയാൽ ഈ സമസ്യ ഇവിടെ അവസാനിക്കും. അതിനായിരിക്കാം അവൻ സംവദിക്കാൻ പറഞ്ഞത്. 

ഞാൻ ആണ് നീലാംബരിയെങ്കിൽ ആര്യൻ നീയെങ്ങനെ പരാജിതനാകും, നീ ഇപ്പോഴും വിജയിച്ചവനാണ് . ഞാനാണ് നിന്റെ മുന്നിൽ കീഴടങ്ങിയത്. അതേ എനിക്കുറപ്പാണ് ഞാനാണ് നീലാംബരി, ഇത്രയും നാൾ നിനക്ക് ചുറ്റും പറക്കുകയായിരുന്നു. സദാ നിന്നെ നോക്കി, നിന്റെ കൂടെ ഇരുന്നു കൊണ്ട് നിന്നോടൊപ്പം സഞ്ചരിക്കുകയായിരുന്നു. എനിക്ക് നിന്നോട് പ്രണയമുണ്ട്, അത് നിനക്ക് തോന്നിയിരിക്കാം. പക്ഷെ ഞാനത് പ്രകടിപ്പിച്ചില്ല. നീയും അതിന് മുതിർന്നില്ല. നീയത്  തമ്മിൽ സംസാരിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ അതിന് തുടക്കമിടാൻ നിന്നെക്കാൾ സൗകര്യം എനിക്കായിരുന്നു, പക്ഷെ ഞാൻ അതിനും ശ്രമിച്ചില്ല. പരാജയപ്പെട്ടത് ഞാൻ ആയിരുന്നു. ഒരുപക്ഷേ അതായിരിക്കും നീ ഇങ്ങനെയൊരു ശ്രമം നടത്തിയത്. എന്നെ എന്റെ ഉള്ളിലേക്ക് നോക്കാൻ പ്രേരിപ്പിച്ചത്.

"സത്യ.. ഇന്നത്തേക്ക് മതി,പോകാം? ആരുമില്ലാത്ത കൊണ്ടൊരു മടുപ്പ്, ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട് ഒന്നും നാളേക്ക് വേണ്ടെന്ന് ഇപ്പോൾ പറയുന്നത് കേട്ടു?".

"ഇന്നേത് കത്താണ് നീ അയച്ചത്, വെറും കടലാസ് ആണോ?".
ഈ ചോദ്യം കേട്ടതോടെ പ്രസന്നമായൊരു ചിരി മറുപടിയായി നൽകി അവളുടെ കൈ വിരലുകൾ ഇഴചേർത്തു പിടിച്ചുകൊണ്ട് ഞാൻ പുറത്തേക്ക് നടന്നു. ചുറ്റുമുള്ള കണ്ണുകൾ ഞങ്ങളുടെ കൂടിച്ചേർന്ന കൈകളിലേക്ക് ചുരുങ്ങി.

*****
6.  അയച്ച കത്ത്

 പ്രിയപ്പെട്ട കുട്ടി,
         
            ചുറ്റുപാടും തിരയുന്നതിനു മുമ്പ് സ്വയം ഉള്ളിലേക്ക് സഞ്ചരിക്കൂ. എല്ലാത്തിനുമുള്ള ഉത്തരം നിന്നിൽ തന്നെയുണ്ട്.

പ്രേഷക,
സത്യസ്‌മിത,
1st PG ഫോറൻസിക്
CIT കോളേജ്, മംഗലമുടി
തമിഴനാട്


*****

"അല്ല ആര്യൻ, ഞാൻ എങ്ങനെയാണ് നീലാംബരിയായത്?"

"ആദ്യ കാഴ്ചയിൽ തന്നെ, ഇറ്റ് വാസ് എ ബ്ലൂ കുർത്ത!".

.സ്വന്തം തമസ്യ.
.ആനന്ദ് ശ്രീധരം.

വര: വിഷ്ണു നാലുപുരയ്ക്കൽ

വായിച്ചതിൽ സന്തോഷം. നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും താഴെയുള്ള കമന്റ് ബോക്‌സിൽ നിക്ഷേപിക്കുക. വീണ്ടും വരിക.

48 comments:

  1. It was a blue kurta ഡയലോഗ് കലക്കി. പക്ഷെ വായിക്കുമ്പോൾ എവിടെയൊക്കെയോ തട്ടി തടയുന്നു. ചിലയിടങ്ങളിൽ ഒന്നൂടെ വായിക്കേണ്ടി വരുന്നു. ആനന്ദ്, ഇയാൾ പഴയ ഒഴുക്കിലേക്കു തിരിച്ചു വരൂ... അതാണ് ഇയാളുടെ സ്വാഭാവിക ശൈലി.. ചാരു കസേരയും ടോയ്ലറ്റ് സ്റ്റോറിയും പോലെ, കൊള്ളിന്റെ തെമ്പത്തെ കച്ചോടം പോലെ വളരെ സ്വാഭാവികതയോടെ എഴുതുന്ന ആനന്ദാണ് എന്റെ സുഹൃത്ത്.. ഒഴുക്ക് തിരിച്ചു പിടിക്കും വരെ ഞാൻ തമസ്യയോട് കലഹം 😐😄

    ReplyDelete
    Replies
    1. Like Someone said.. No try to impress...
      എല്ലാം പരീക്ഷണങ്ങളിലൂടെ പോകാൻ ശ്രമിക്കുന്നു.
      ഇനിയും തുടരും...
      ഇനി നോക്കാം എങ്ങനെ വരുമെന്ന്..

      Delete
    2. പേര് കടം തന്നതിൽ വളരെ സന്തോഷം...😍😍😍

      Delete
  2. വായിച്ചു. ആശയക്കുഴപ്പത്തിലാക്കിയെങ്കിലും .....ചുറ്റുപാടും തിരയുന്നതിനു മുമ്പ് സ്വയം ഉള്ളിലേക്ക് സഞ്ചരിക്കൂ. എല്ലാത്തിനുമുള്ള ഉത്തരം നിന്നിൽ തന്നെയുണ്ട്.
    ആശംസകൾ

    ReplyDelete
    Replies
    1. അതിപ്പോൾ എന്റെ ശീലമായിട്ടുണ്ട്... ആശയക്കുഴപ്പം സൃഷ്‌ടിക്കുക എന്നത്... ഇനിയും തുടരും

      Delete
  3. നന്നായിട്ടുണ്ട്����... തുടർന്നും പ്രതീക്ഷിക്കുന്നു

    ReplyDelete
    Replies
    1. തീർച്ചയായും പ്രതീക്ഷിക്കാം

      Delete
  4. ആനന്ദ്. ഓരോ തവണയും വേറിട്ട കഥകളും ക്രാഫ്റ്റും ആയിട്ടാണല്ലോ വരുന്നത്. പരിചിതമായ ശൈലി വിട്ടു പരീക്ഷണം നടത്തുന്നത് ഒരു എഴുത്തുകാരന് എന്തുകൊണ്ടും നല്ലതാണെന്നു തോന്നുന്നു. അസ്വാഭാവികതകൾ ഉണ്ടെങ്കിൽ പോലും.
    ഇക്കഥ ഒരു കടം കഥയുടെ ചുരുൾ അഴിയുന്ന കൗതുകത്തോടെയാണ് വായിച്ചത്. പരീക്ഷണങ്ങൾ ഇനിയും തുടരൂ.ആലയിൽ ലോഹം അടിച്ചു പരത്തുന്ന പോലെ പ്രയോഗത്തിലൂടെ എഴുത്തിനെ കൂടുതൽ മിനുസപ്പെടുത്തൂ. ആശംസകൾ.

    ReplyDelete
    Replies
    1. ഇതുപോലുള്ള അഭിപ്രായങ്ങൾ ഉള്ളപ്പോൾ പിന്നെ തുടരാൻ എനിക്ക് യാതൊരു മടിയുമില്ല...
      😍😍

      Delete
  5. ആനന്ദ്,,

    ഇഷ്ടം.

    വൈവിധ്യത തേടി നടന്നു അതിലൂടെയുള്ള താങ്കളുടെ സഞ്ചാരം അതിശയപ്പെടുത്തുന്നുണ്ട്.

    ഒരു കുഞ്ഞ് അസൂയയും അഭിമാനവും രേഖപ്പെടുത്തുന്നു.

    ReplyDelete
    Replies
    1. ഒരുപാട് സന്തോഷം സുധിയെട്ടാ...

      Delete
  6. നല്ല കഥയാണ്. പക്ഷെ ക്രാഫ്റ്റ് /ഘടനാപരമായ മെച്ചപ്പെടുത്തൽ വേണമെന്ന് തോന്നുന്നു. അവൾ /അവൻ.. ഈ രണ്ട് ആംഗിളും അവൻ തന്നെ പറയുമ്പോൾ ഉള്ള ഒരു ചേർച്ചക്കുറവ് അനുഭവപ്പെട്ടു.

    അതുപോലെ കത്തുകൾ ടെ ഓർഡർ & കണ്ടന്റ് വഴി കുറച്ചുകൂടി മിസ്റ്ററി എലമെന്റ് കൊണ്ടുവരാമായിരുന്നു എന്നും.

    Still, a goos attempt telling a story differently.

    ReplyDelete
    Replies
    1. Mixed angle ആണ് പരീക്ഷിച്ചത്...
      അധികം Mistry പ്രയോഗിക്കണമെന്നു വിചാരിച്ചില്ല.. വളരെ ചെറുതായിട്ട് മതിയെന്ന് കരുതി.. ഓർഡർ .. അത് കഥാപാത്രം കണ്ട പോലെ വെച്ചു എന്നെ ഉള്ളൂ... അതും ഡിസോർഡർ ആയിട്ട് ഇരുന്നോട്ടെ എന്നു കരുതിയതാണ്...
      അഭിപ്രായങ്ങളിൽ വളരെ സന്തോഷം...

      Delete
  7. പിന്നെ ആകാംശ എന്നത് ആകാംക്ഷ എന്ന് തിരുത്തുമല്ലോ. 🙏

    ReplyDelete
  8. Neelambari❤..nannayitund..thudaruka👍

    ReplyDelete
    Replies
    1. ഓഹ്.. ആയിക്കോട്ടെ... തുടരാം.. ഇവിടെ വരികയും ചെയ്യൂക..

      Delete
  9. പുതുമയുടെ മേച്ചിൽപ്പുറങ്ങളിലെ 
    വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന
    പ്രണയിതാക്കളെ പടച്ചുവിട്ടിരിക്കുന്ന കഥാകാരന് 
    അഭിനന്ദനങ്ങൾ ....

    ReplyDelete
  10. നേരത്തെ വായിച്ചിരുന്നു. ചോദ്യങ്ങൾ ഉണ്ടാക്കുന്ന തിരക്കിൽ കമന്റ് ഇടാൻ മറന്നു..
    വ്യത്യസ്തമായ ഒന്ന്

    കൂടുതൽ പരീക്ഷണകൾ നടക്കട്ടെ

    ReplyDelete
  11. നല്ല ഭംഗിയുള്ള കത്തുകൾ. കത്തുകൾ കഥ പറയുന്ന രീതിയും വ്യത്യസ്തമായി 😊 ആദ്യമായാണിവിടെ..

    ReplyDelete
    Replies
    1. എന്ന ഉറുമ്പ് മൊത്തത്തിൽ ഒന്ന് അരിച്ചു പെറുക്കിക്കോ...
      😀

      Delete
    2. ഞാൻ കാണാതെ അവളതെടുത്തു.... ആ രീതി കഥയ്ക്ക് അത്ര അനുയോജ്യമായി തോന്നിയില്ല. കത്തുകൾ - നീളം കൂട്ടി എന്നല്ലാതെ ആകാംക്ഷ ഒന്നും ഉണർത്തിയില്ല. എഴുത്ത് അത്ര നന്നായി തോന്നിയില്ല. കഥയും.
      ഇതൊരു നിരുപകൻ ഒന്നുമല്ല. വായിച്ചപ്പോൾ തോന്നിയത്. വായനക്കാരനും ഒരു നിലവാരം ഉണ്ടെങ്കിലല്ലേ കാര്യം നടക്കു.
      ആശംസകൾ.

      Delete
    3. ഉറപ്പായിട്ടും.... എല്ലാവർക്കും ഒരേ അഭിപ്രായങ്ങളോ ഒരേ പോലെ ഇഷ്ടപെടാനോ കഴിയില്ല...
      ഇതൊരു പരീക്ഷണം ആയിരുന്നു.
      അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം..😊😊

      Delete
  12. മനോഹരം! കത്തുകളിലൂടെ ഉള്ള സംവാദം... തനിക്കാണെന്ന് തിരിച്ചറിഞ്ഞു വായിക്കുമ്പോൾ തലവാചകം അതി മനോഹരം!!

    ReplyDelete
    Replies
    1. ആഹ്.. വായിക്കുന്നവർക്കാണ് ഈ കത്ത്.. അയക്കാത്തതിനാൽ ഇങ്ങനെ വായിക്കട്ടെ...എന്നിട്ട് എത്തേണ്ടയിടത്ത് എത്തിച്ചേരട്ടെ..😍😍.
      വായിച്ചതിൽ വളരെ സന്തോഷം കുട്ടി..

      Delete
  13. കെട്ടു പിണഞ്ഞു കിടക്കുന്ന കത്തുകൾക്കുള്ളം നേരെയാക്കി വായിച്ചു. എന്നാലും ചിലയിടങ്ങളിൽ കുരുങ്ങി പോകുന്നു .......
    കുട്ടിയേയും ചങ്ങായിയെയും നേരത്തെ കണ്ടിനു പക്ഷെ അത്‌ ഇങ്ങനെ ആണെന്ന് ഇപ്പോയാണു അറിയുന്നത്.
    സമസ്യയുടെ യാത്രകൾ തുടരട്ടെ .. .......

    ReplyDelete
    Replies
    1. എല്ലാം ചില തോന്നാലുകളിൽ നിന്നും ഉത്തഭവിക്കുന്നതാണ് ചങ്ങായി..
      ഞാൻ സമസ്യ അല്ല തമസ്യയാണ്... എന്നാലും യാത്രകൾ തുടരും...

      Delete
  14. നേരെ ചൊവ്വെ കഥ പറയുന്ന കൂട്ടത്തിലാണ് ഞാൻ. ഇതുപോലെ വായനക്കാരുടെ ക്ഷമ പരീക്ഷണത്തിന് ഞാൻ മുതിരാറില്ല. പക്ഷേ, ഇതുപോലെത്തെ പരീക്ഷണങ്ങളും ഞാൻ സ്വാഗതം ചെയ്യുന്നു. ആദ്യവായനയിൽ ഒന്നും മനസ്സിലായില്ലാട്ടോ. അതെന്റെ കുഴപ്പമാണ്. പുതിയ പരീക്ഷണ കഥക്ക് ആശംസകൾ ....

    ReplyDelete
    Replies
    1. പരീക്ഷങ്ങളിലൂടെ പോവുകയാണ് നല്ലതെന്ന് തോന്നി.. എനിക്കൊപ്പം സഞ്ചരിക്കട്ടെ... ഞാൻ സന്തോഷിക്കുമ്പോൾ അവരും പരീക്ഷിക്കപ്പെടുമ്പോൾ അവരും...
      വായനയിൽ സന്തോഷം..

      Delete
  15. Chuttupadum thirayunathinu mumbu swayam ullileku anwashiku...ishtay orupadu.. kooduthal pratheeshikunu ithupole

    ReplyDelete
    Replies
    1. വായിച്ചതിൽ സന്തോഷം... ഉള്ളിലേക്ക് നോക്കാൻ ശ്രമിക്കുക.. സാധ്യത നിങ്ങളിൽ തന്നെയുണ്ട്..

      Delete
  16. ആനന്ദ് ഭായ് … നല്ല കഥയും എഴുത്തും ... വായിച്ചു തുടങ്ങിയപ്പോൾ തന്നെ കഥയുടെ ഒടുക്കവും നായികയെയും ഏതാണ്ട് മനസ്സിലായി…. ഇടയ്ക്കുള്ള ആ കത്തുകളുടെ അവതരണവും ഉള്ളടക്കവും കൂടുതൽ രസകരമാക്കാൻ വകുപ്പുള്ളവയായിരുന്നു എന്നൊരു തോന്നൽ … എങ്കിലും , ഈ കഥ പുതിയ രീതിയിൽ എഴുതാനുള്ള ഈ ശ്രമത്തിനു എന്റെ അഭിനന്ദങ്ങൾ...

    ReplyDelete
    Replies
    1. കൂടുതൽ വലുതാക്കണ്ട എന്ന് കരുത്തിയിട്ടാണ് ചുരുക്കിയത്... സാധ്യതകൾ ഉണ്ടായിരുന്നു.. ശരിയാണ്...
      വായിച്ചതിൽ സന്തോഷം...

      Delete
    2. ക്രാഫ്ടിലെ പരീക്ഷണമാണ് എന്ന് മുന്നറിയിപ്പ് തന്നതു കൊണ്ട് വായനയും ക്ഷമാപൂർവ്വമായിരുന്നു. അത് ഗുണം ചെയ്തു, വായിച്ച് മുഴുവനാക്കി.
      നല്ല കഥ

      Delete
    3. അത് നന്നായി... പരീക്ഷണം തന്നെ ആയിരുന്നു... ഇതൊക്കെ പിന്നീട് ആവശ്യം വരുമല്ലോ...

      Delete
  17. സമസ്യ പോലൊരു എഴുത്ത്

    ReplyDelete
  18. ഞാൻ പലപ്പോഴായി മൂന്നു തവണ ഇവിടെ വന്നു നീലാംബരി വായിച്ചു. ഓരോ തവണ വരുമ്പോഴും വായിച്ചു മുഴുമിപ്പിക്കാൻ പറ്റിയില്ല. എവിടെയോ എന്തോ തകരാറു പോലെ തോന്നി. അതോണ്ട്, മുഴോനും വായിച്ചതിനു ശേഷം കമന്റാം എന്ന് കരുതി. ഇപ്രാവശ്യം വായിച്ചു മുഴുവനാക്കി. പക്ഷേ, വായനയുടെ ഒരു സുഖം കിട്ടിയില്ല. പരീക്ഷണ ശൈലി ആയതു കൊണ്ടായിരിക്കും. കുറേക്കൂടി മെച്ചപ്പെടുത്താമായിരുന്നു. പുതുമയ്ക്ക് വേണ്ടിയുള്ള ശ്രമങ്ങൾ തുടരുക. ആശംസകൾ.

    ReplyDelete
    Replies
    1. മുഴുവനാക്കിയതിൽ സന്തോഷം..അഭിപ്രായത്തിന് വളരെ നന്ദി...

      Delete
    2. അപ്പോൾ ഈ അവസ്ഥ എനിക്ക് മാത്രമല്ല അല്ലേ....?!!

      Delete
    3. അല്ലെങ്കിലും ഒരാൾക്ക് മാത്രമായിട്ട് ഈ ലോകത്തിൽ എന്താണ് സംഭവിച്ചിട്ടുള്ളത്... ആരെങ്കിലുമൊക്കെ കൂട്ടിന് കാണും..

      Delete
  19. ആദ്യ വായനയിൽ മുഴുവനാക്കാൻ സാധിച്ചില്ല... ഒന്നൂടെ വായിക്കുമ്പോൾ ശരിയായ അഭിപ്രായം പറയാം കേട്ടോ .!!!

    ReplyDelete
    Replies
    1. അങ്ങനെ എളുപ്പത്തിൽ വിട്ടുകൊടുക്കാൻ താത്പര്യമില്ലെന്നെ... ഇങ്ങള് പറ.. അഭിപ്രായങ്ങൾ. മനസ്സിലാക്കുമ്പോൾ..അല്ലെങ്കിൽ മടുത്തു നിർത്തുമ്പോൾ

      Delete
  20. എഴുത്ത് വളരെ നന്നായി..ശൈലിയും..

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾ സഭ്യമായ ഭാഷയിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്.
കമെന്റ് ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്നവർ Browser Cache Clear ചെയ്ത ശേഷം നോക്കുക..

തുടർന്നും സന്ദർശിക്കുക..

RECENT POST