Wednesday, November 6, 2019

ഭാഗ്യം വിൽക്കുന്ന ജനശദാബ്ദി

ഭാഗ്യം വിൽക്കുന്ന ജനശദാബ്ദി



                   വീണ്ടും അതേ പോലൊരു ജനാശദാബ്ദിയിൽ വെച്ച് ഞാൻ അയാളെ കണ്ടു. മാറ്റമുണ്ടാകുമെന്നു കരുതിയിരുന്നു. എന്നാൽ മാറ്റം സന്ദർഭത്തിനും കാലത്തിനും മാത്രമായിരുന്നു. അന്ന് , ആകാശ നീല വിരിച്ച ചരിഞ്ഞ കസേരകൾക്കിടയിലെ ഒരാൾ വണ്ണത്തിലുള്ള നീണ്ട പാതയിൽ തനിക്ക് ദൈവമോ പ്രകൃതിയയോ സമ്മാനിച്ച വൈകല്യത്തെ മറികടന്നു കൊണ്ട് തന്റെ ഉപജീവനം തേടുകയായിരുന്നു അയാൾ.

ആൾ പരപ്പിന്റെ ഘോര ശബ്ദങ്ങൾക്കിടയിൽ ഉജ്വല വാക്കുകളെ കോരിയിടാൻ കെല്പില്ലാതെ പോയ സ്വനപെടകം കൊണ്ട് ഉയർത്തിവിടുന്ന ശബ്ദത്തെ വൃത്തിയായി തഴുകി വിടാൻ കഴിയാത്ത നാവുകൊണ്ട് തട്ടി തടഞ്ഞു വരുത്തുന്ന അടഞ്ഞ ശബ്ദം.
ദൂരമേറെ താണ്ടേണ്ടതിനാൽ ഊർജ സംരക്ഷണാർത്ഥം മയക്കത്തിലേക്ക് കടക്കുകയായിരുന്നു ഞാൻ. ഉപബോധ മനസിന്റെ നിയന്ത്രണ ഘട്ടം അടുത്തു വരുകയായിരുന്നു. എങ്കിലും വൈകൃതം നിറഞ്ഞ് ചിതറിപ്പോയ ആ ശബ്ദ ശകലങ്ങൾ എന്റെ കാതുകളെ ഉണർത്തി.
മെലിഞ്ഞുണങ്ങിയ ശരീരം. നാവിന്റെ അഗ്രം ഇല്ലാത്ത ചുണ്ടുകളെയും താണ്ടി ഒരൽപ്പം പുറകോട്ട് എത്തിനോക്കുന്നു. പറക്കമുറ്റാത്ത കുഞ്ഞുങ്ങൾക്കെന്ന പോലെ ഉമിനീർ നാക്കിന്‌ ചുറ്റും അല്പാല്പമായി തടം കെട്ടിയിരിക്കുന്നു. പ്രത്യക്ഷത്തിൽ കൈകൾ രണ്ടും ബലിഷ്ഠമാണെന്നു തോന്നുമെങ്കിലും കൈപത്തിയുടെ ശേഷി സംശയമാണ്. മുഴുവനായി മടക്കാൻ കഴിയാത്തതിനാൽ തന്റെ വിരലുകൾക്കിടയിൽ ഉപജീവനമായ ലോട്ടറി ടിക്കറ്റുകൾ തിരുകിയിരിക്കുന്നു.
ലോട്ടെറിക്കാരെ ഒരുപാട് തവണ കണ്ടിട്ടുണ്ടെങ്കിലും അന്നൊന്നും വാങ്ങണെമെന്നു തോന്നിയിരുന്നില്ല. പക്ഷെ അന്ന് എന്റെ മനസ് എന്നെ ഉണർത്തി. ഈ തവണ ഒരു ഭാഗ്യ പരീക്ഷണം നടത്തുന്നതിൽ തെറ്റില്ല. യാത്രികർക്കെല്ലാം അയാൾ കൈ നീട്ടുണ്ടുണ്ടായിരുന്നു. ശോഷിച്ച കൈകൾ കണ്ടിട്ടും ആരും അറിഞ്ഞ ഭാവം നടിച്ചില്ല. ഒരുപക്ഷേ അവർക്ക് ലോട്ടറി വേണ്ടായിരിക്കും. എങ്കിലും അയാളെ ഒന്ന് നോക്കാമായിരുന്നു. വാങ്ങാൻ അല്ലാതെയുള്ള ഒരു നോട്ടം നൽകിയേക്കാവുന്ന പ്രതീക്ഷ പിന്നീടൊരു നഷ്ടമായി അയാൾക്ക് തോന്നാതിരിക്കാനാവും അവർ തല തിരിച്ച് ഇരിക്കുന്നത്.
ആഴക്കടലിൽ തിരമാലകൾ ഇല്ലെങ്കിലും ഭയാനകമായ ഒരു ഏകാന്തതയുണ്ട്. ആ ഏകാന്തതയിൽ നിന്നും ഉയർന്നു വന്ന സഹതാപത്തിന്റെയോ മറ്റെന്തിന്റെയോ കൊടുംകാറ്റ്‌ തിരയിളക്കം സൃഷ്ടിച്ചു കൊണ്ടേയിരുന്നു. അയാൾ കൈ നീട്ടും മുമ്പ് ഞാൻ അയാൾക്ക് നേരെ നീട്ടി. ചുറ്റും ഉള്ളവർ ഒന്ന് അമ്പരന്നു. ഈ ചെക്കൻ ഒക്കെ ലോട്ടറി എടുക്കുമോ എന്നായിരിക്കും അവരുടെ മട്ട്. ഞാൻ ശ്രദ്ധിക്കാൻ പോയില്ല. ദയനീയത തുളുമ്പുന്ന ആ മുഖത്തേക്ക് നോക്കി വിരലുകൾക്കിടയിൽ തിരുകി വെച്ച ഒരു ലോട്ടറി
ഞാൻ എടുക്കാൻ ശ്രമിച്ചു. പക്ഷെ അയാൾ എനിക്കത് മുഴുവനും തന്നു. മയിൽ പീലി വിടർത്തുമ്പോലെ കൈവെള്ളയിൽ ആ ലോട്ടറി നിരത്തി ഞാൻ നോക്കി. കുറേ നമ്പറുകൾ. ഏതിലാണ് എന്റെ ഭാഗ്യം ഒളിഞ്ഞു കിടക്കുന്നത് എന്നറിയില്ലല്ലോ. കുറച്ചു നേരം ഓരോ ടിക്കറ്റും പരിശോധിച്ച് ഒടുവിൽ ഒന്നെടുത്ത് ബാക്കി തിരിച്ചു കൊടുത്തു. ഒരു ടിക്കറ്റ് വിറ്റുപോയതിന്റെ സന്തോഷം ആ മുഖത്ത് കാണാമായിരുന്നു. വീണ്ടും തന്റെ ഇടമുറിയുന്ന ശബ്ദങ്ങൾ പുറപ്പെടുവിച്ചു കൊണ്ട് അയാൾ മുന്നോട്ട് നീങ്ങി. സമ്മാനം കിട്ടിയാൽ മുഴുവനും അയാൾക്ക് കൊടുക്കാമെന്നൊക്കെ ഞാൻ വിചാരിച്ചു വെച്ചു. പക്ഷെ വീണ്ടും വീണ്ടും ചിന്തകളിലൂടെ നടന്നു ചെന്നപ്പോൾ ആദ്യ ചിന്തയിൽ നിന്നും വിഭിന്നമായിട്ട് മുഴുവൻ നൽകാതെ അയാളെ ചെറു വിഹിതത്തിൽ ഒതുക്കാൻ പോലും തോന്നി. ആദ്യം പകുതി, പിന്നെ 25%, അങ്ങനെ അങ്ങനെ.. എന്റെ സ്വാർത്ഥത കൂടുന്തോറും അയാൾക്ക് ഞാൻ കൊടുക്കാമെന്ന് വിചാരിച്ച വിഹിതം കുറഞ്ഞു വന്നു.
പിറ്റേന്ന് രാത്രി കൂടെയുള്ള സുഹൃത്ത് പറഞ്ഞപ്പോഴാണ് ലോട്ടെറിയുടെ കാര്യം ഓർമ വന്നത്. നെറ്റിൽ റിസൾട്ട് നോക്കിയപ്പോൾ എനിക്ക് സ്തംഭനം വന്ന് പോയി. എന്റെ കൈ വെള്ളയിലൂടെ പോയ ഒരു ടിക്കറ്റിന് രണ്ടാം സമ്മാനം!. ഒരു നിമിഷം ഞാൻ ഇല്ലാതായി. പക്ഷെ അതിൽ നിന്നും ഞാൻ തിരിച്ചു വന്നു. അത്യാഗ്രഹവും ചിന്തകളിലെ ചാഞ്ചാട്ടവും ആവും ഈ വിധി നൽകിയത്. പിന്നീട് എനിക്ക് ഒരു സമാധാനം വന്നത് ഈ സമ്മാന തുകയുടെ എത്രയോ ശതമാനം ഏജന്റിന് കിട്ടുമല്ലോ എന്നായിരുന്നു.
വർഷങ്ങൾക്ക് ശേഷം വീണ്ടും അതേ സാഹചര്യത്തിൽ അയാളെ കണ്ടപ്പോൾ ഒരു നടുക്കം. എന്നെ കടന്നു പോയിട്ടും ഞാൻ അയാളെ ശ്രദ്ധിച്ചില്ല, പഴയ ചിന്തകളിൽ ഓടിനടക്കുകയായിരുന്നു. പെട്ടന്ന് ഞാൻ അയാളെ വിളിച്ചു. ടിക്കറ്റ് ഒരെണ്ണം അയാൾ എനിക്ക് നേരെ നീട്ടി. ഞാൻ വീണ്ടും ഞെട്ടി. 250 രൂപയുടെ ടിക്കറ്റ്!! എനിക്കത് വേണ്ടായിരുന്നു, ഇത്രയും രൂപയുടേത്. കൂലി വേലയ്ക്ക് പോലും പോവാത്ത ഞാൻ എങ്ങനെ ഇത്രയും വലിയ തുകയുടെ ലോട്ടറി എടുക്കും. ഒരു 30 രൂപയുടെയൊക്കെ എടുക്കാമെന്നാണ് കരുതിയിരുന്നത്. പക്ഷെ ഇതിപ്പോ…മുഖത്തു നോക്കാതെ വേണ്ടാന്ന് പറഞ്ഞു. എന്നിട്ടും അയാൾ പോകാൻ കൂട്ടാക്കിയില്ല. ഞാൻ തല താഴ്ത്തി കണ്ണുമടച്ചിരുന്നു. ഒടുവിൽ അയാൾ പോകാൻ നിർബന്ധിതനായി. ടിക്കറ്റ് വാങ്ങാതിരുന്നതിൽ സങ്കടം ഉണ്ടായിരുന്നു. കൂടാതെ മാറുമെന്ന് ഞാൻ കരുതിയിരുന്ന അയാളുടെ സാഹചര്യം അങ്ങനെ തന്നെ അവശേഷിച്ചതിലും. പക്ഷെ അയാൾ വീണ്ടും തേടുകയാണ്, ശോഷിച്ച കൈവെള്ളയിൽ കിടക്കുന്ന അഭൂതമായ ആ ഭാഗ്യത്തെ...ആ നീല വിരിച്ച ജനാശദാബ്ദിയിൽ.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങൾ സഭ്യമായ ഭാഷയിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്.
കമെന്റ് ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്നവർ Browser Cache Clear ചെയ്ത ശേഷം നോക്കുക..

തുടർന്നും സന്ദർശിക്കുക..

RECENT POST