Wednesday, November 6, 2019

എടാ നിനക്ക് പെണ്ണ് കിട്ടൂല ട്ടോ !!!

എടാ നിനക്ക് പെണ്ണ് കിട്ടൂല ട്ടോ !!!

പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഈ വിഷയത്തെ കുറിച്ചൊരു ചോദ്യം ഞാൻ നേരിട്ടത്.
"ഇതെന്താ മനെ ഇനിക്ക് പച്ച മീശ?"
വിസ്മയയുടെ ചോദ്യം കേട്ട് ഞാൻ മൂക്കിന് താഴെ ചെറുതായൊന്ന് തടവി. ഇന്നലെ വരെ ഇല്ലാതിരുന്ന മീശ ഇന്നിപ്പോ എവിടുന്നു വന്നു എന്നമട്ടിലായി ഞാൻ!.

ആ ചോദ്യം ശരിക്കും ഒരു പരിണാമത്തിന്റെ ആരംഭമായിരുന്നു. ഒരു സമ്പൂർണ്ണ പുരുഷൻ ആകാൻ പോകുന്നതിന്റെ തുടക്കം.
അന്ന് വൈകുന്നേരം വീട്ടിലെത്തിയപ്പോൾ ആദ്യം തെരഞ്ഞത് കണ്ണാടി ആയിരുന്നു. ആരും കാണാതെ എന്റെ മുഖം സസൂക്ഷ്മം പരിശോധിച്ചു. അതേ, എനിക്ക് മീശ വന്നുതുടങ്ങി. ഇപ്പോഴാണ് ശ്രദ്ധിച്ചത്. ഇളം രോമങ്ങളുടെ ഒരു പാളി രൂപപ്പെട്ടിരിക്കുന്നു. കൗമാരത്തിൽ നിന്നും യൗവ്വനത്തിലേക്കുള്ള ആദ്യ പടിയാവാമെന്നു കണക്കു കൂട്ടി. പക്ഷെ എന്റെ സംശയം അതായിരുന്നില്ല. എന്തുകൊണ്ടാണിത് പച്ച നിറത്തിൽ കാണപ്പെടുന്നത്?. നേരിയ പച്ച നിറമാണ് മൂക്കിന് താഴെ എനിക്ക് കാണാൻ സാധിച്ചത്. ഈ സംശയം ആരോട് ചോദിക്കും??...
പിറ്റേന്ന് സ്കൂളിലെ ഓരോ ആണ്കുട്ടികളെയും ഞാൻ നിരീക്ഷിച്ചു. അപ്പോഴാണ് എനിക്ക് കാര്യം പിടികിട്ടിയത്. പക്ഷെ പലർക്കും മീശയുടെ നിഴൽവട്ടം പോലും വന്നിട്ടുണ്ടായിരുന്നില്ല. ഭൂരിഭാഗവും 'കുട്ടികൾ' തന്നെയാണെന്ന് തോന്നി. മുതിർന്നു പോയ ചിലരെയും അക്കൂട്ടത്തിൽ എനിക്ക് കാണാൻ സാധിച്ചു. മീശയുടെ പാടുകൾ പൊന്തി വന്ന എല്ലാ വെളുത്ത ആണ്കുട്ടികൾക്കും പച്ച നിറത്തിലുള്ള മീശയുടെ ആരംഭം കാണാമായിരുന്നു. അപ്പോൾ അതെന്റെ മാത്രം പ്രശ്നമല്ലെന്നു ഞാൻ സന്തോഷത്തോടെ മനസിലാക്കി. അതൊരു വൈകല്യമല്ല, സർ വ്വസാധാരമാണ്. അങ്ങനെ ആദ്യത്തെ പ്രതിസന്ധി ഒഴിഞ്ഞു. എന്നാൽ മീശയും താടിയും വളരുന്നുണ്ടോ , ഇനി വല്ല വളവും മറ്റോ വേണോ എന്നൊക്കെ ചിന്തിക്കാനും തുടങ്ങി.
അങ്ങനെയൊരു ദിവസം ഏതോ ഒരു ചെക്കൻ എന്നോട് പറഞ്ഞു.
"വടിച്ചാൽ വേഗത്തിൽ ഉണ്ടാകും".
"അതെയോ!!". വദന പേശികൾ വലിഞ്ഞു നിന്നു.
"പക്ഷെ മീശ വടിച്ചാൽ ഇസ്തിരി ഇട്ട പോലെയുണ്ടാകും. അതോണ്ട് ഇഞ്ഞി താടി വടിച്ചോ".
അന്നു മുതൽ അച്ഛന്റെ ഷേവിംഗ് സെറ്റുകൾ എന്റെ താടി രോമങ്ങളെ ഖണ്ഡിക്കാൻ തുടങ്ങി.
സ്വന്തം ഉടമസ്ഥതയിലുള്ള സാധനങ്ങൾ നമ്മളറിയാതെ മറ്റൊരാൾ ഉപയോഗികുമ്പോൾ നമുക്കത് മനസിലാകും. അതുകൊണ്ടാണല്ലോ അമ്മയും അനിയത്തിയും കാണ്കെ എന്റെ മുന്നിലേക്ക് ജില്ലെറ്റ് പോലെ എന്തോ ഒന്ന് എറിഞ്ഞു തന്നിട്ട് പറഞ്ഞത്." മറ്റൊരാൾ ഉപയോഗിക്കുന്നത് ഉപയോഗിക്കരുത്".
ഹോ!! വല്ലാണ്ടങ് ചമ്മിപ്പോയി. അമ്മക്കും അനിയത്തിക്കും ചിരിക്കാനുള്ള വകയും. അച്ഛന് മര്യാദക്ക് തന്നാൽ പോരായിരുന്നോ?. പക്ഷെ അന്നൊരു ദിവസത്തെ പ്രശ്നം മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നീട് അതും സർവസാധാരണമായി.
എന്നാൽ യഥാർത്ഥ പ്രശനം വർഷങ്ങൾക്ക് ശേഷമാണ് ഉണ്ടായത്.
പത്താം ക്ലാസ് കഴിഞ്ഞു പരിചയം വിട്ടവർക്ക് ഇന്നെന്നെ കാണുമ്പോൾ പെട്ടന്ന് മനസിലാകാറില്ല. താടിയും മീശയുമൊക്കെ വളർത്തി മുടി കുറഞ്ഞ ഞാൻ. പലരും കാണുമ്പോൾ ഒരേ സ്വരത്തിൽ ചോദിക്കും.
"ഇന്ന കണ്ടിട്ട് തിരിന്നില്ലാലോ, ഇന്റ മുടിയൊക്കെ ഏട പോയി!".
എല്ലാവർക്കും ഒരേ പോലെ മറുപടിയും കൊടുത്തു.
" കോളേജിൽ പോയപ്പോ മുതല്.. ആടത്ത വെള്ളം.. അങ്ങനെയൊക്കെയാണ് സ്ഥിതി..." ഈ മറുപടിയിൽ പലരും നിർവൃതിയടഞ്ഞു. എന്നാൽ വലിയൊരു സത്യം അതിനു പിന്നിലുണ്ടായിരുന്നു. എന്റെ മാമൻ, ഒരു ഫുൾ കഷണ്ടിയാണ്. ചെറുപ്പത്തിൽ എന്നേക്കാൾ നല്ല മുടി ആയിരുന്നെന്ന് അമ്മ എപ്പോഴും പറയുമായിരുന്നു. പിന്നെ വല്യമ്മാവൻ, അത് മറ്റൊരു കഷണ്ടി , അതും കൂടാതെ വല്യച്ഛനും( അമ്മയുടെ അച്ഛൻ). ഞങ്ങൾ കസിൻസിനെല്ലാം ഏറെക്കുറെ ഇങ്ങനൊക്കെ ആയി വന്നിട്ടുണ്ട്. എന്തോ അക്കൂട്ടത്തിൽ ഒരുത്തൻ രക്ഷപെട്ടുപായി. കുഞ്ഞു ഏട്ടന്  ഫുൾ മുടിയാണ്. അത് മൂത്തച്ഛന്റെ പാരമ്പര്യത്തിൽ പോയതാവും. എനിക്ക് മുന്നേ ഉള്ളവർ ഇങ്ങനെ ആണെങ്കിൽ പിന്നെ ഞാനൊന്നും ചെയ്തിട്ട് കാര്യമില്ലെന്നും മനസിലായി.
കഷണ്ടി കേറിയതോന്നും എനിക്കൊരു പ്രശ്നമായിരുന്നില്ല. എന്റെ സൗന്ദര്യത്തെ കുറിച്ച് എനിക്ക് വല്യ ചിന്തകളൊന്നുമില്ലായിരുന്നു. എങ്കിലും തലയിൽ കൈ വെക്കുമ്പോൾ ഒരു കെട്ട് മുടിയിങ്ങു പോരുന്നത് കാണുമ്പോൾ ഒരിത്. വേണ്ടപ്പെട്ട ഒരു സാധനം ഇങ്ങനെ അന്യാധീനപ്പെട്ടു പോകുമല്ലോ എന്നോർത്ത് കുറേ ഏതൊക്കെയോ ഭൃംഗാതി ഇത്യാധികൾ എന്റെ ശിരസിൽ നിറഞ്ഞൊഴുകി. ഫലമൊന്നുമില്ലെന്നു കണ്ടപ്പോൾ ഉപേക്ഷിച്ചു. എന്തിനു ? മുടിയിലാണോ കാര്യം. ഇല്ലെങ്കിൽ ഇല്ല. അതുകൊണ്ട് തന്നെ ഇപ്പോഴും ഞാൻ മൊട്ട വടിക്കും.
പ്രായം പത്തിരുപതിമൂന്നിനടുക്കുമ്പോൾ പലർക്കും എനിക്കില്ലാത്ത മുടി വ്യാകുലതകൾ ഉണ്ടായി. അതും എന്റെ മുടിയെയോർത്തിട്ട്!.
എന്റെയൊരു ബന്ധു ഒരിക്കൽ തമാശിച്ചു കൊണ്ട് പറഞ്ഞു. "ഇങ്ങനെ പോയാൽ മോനെ പെണ്ണ് കിട്ടൂല ട്ടോ".
ഇതൊന്നും ബാധിക്കില്ലെന്ന ഭാവത്തിൽ ഞാൻ പറഞ്ഞു. " ഇല്ലെങ്കിൽ വേണ്ടാന്ന്". ഈ പറയുന്ന വ്യക്തിയെ കല്യാണം കഴിച്ചതാരാന്ന് എനിക്കറിയാലോ. അതുകൊണ്ട് പറയാൻ വന്നത് ഞാൻ നൈസ് ആയിട്ടങ് വിഴുങ്ങി. വെറുതെ ഒരു കുടുംബ കലഹം ഉണ്ടാക്കേണ്ടെന്ന് കരുതി.
ഒരിക്കൽ നാട്ടിലെ ഒരു ചെക്കൻ പീടിക തിണ്ണയിൽ ചിന്തനിമഗ്നനായിരിക്കുന്നത് കണ്ടിട്ട് കാര്യമെന്തെന്ന് തിരക്കി. കേട്ടപ്പോഴല്ലേ രസം. അവന് താടിയില്ലെന്ന് ഒരു പെണ്കുട്ടി പറഞ്ഞു പോലും!! പാവം വിഷമിച്ചിരിക്കുകയായിരുന്നു. ഇന്നത്തെ ഫ്രീക്കന്മാരുടെ മുടിയൊക്കെ ഉള്ളവൻ ഇത് പറഞ്ഞപ്പോൾ എനിക്ക് എന്നെ ഒരു 'മദ്ദള'മായി തോന്നിപ്പോയി.
" എടാ ഇഞ്ഞിയെന്നെ കണ്ടോ എനിക്ക് താടിയും മീശയുമുണ്ട് മുടിയില്ല. ഇഞ്ഞി മച്ചാനെ കണ്ടോ ഓനിതെല്ലാം ഉണ്ട് പക്ഷെ അതൊരു കണ്ടൽ കാട് പിടിച്ചത് പോലയല്ലേ? അതങ്ങനെയാ മനുഷ്യന്. അതുകൊണ്ട് ഇഞ്ഞി വിഷമിക്കരുത്".
കാലം മുന്നോട്ട് നീങ്ങുന്തോറും പുതിയ പുതിയ ആൾക്കാരെ പരിചയപ്പെട്ടു തുടങ്ങി. ചിലർക്ക് താടിയുണ്ട്, മുടിയുണ്ട്, മീശയുണ്ട്, ഇല്ലാത്തവരുമുണ്ട്. അവരെല്ലാം എന്നോട് ചോദിക്കും." മുടി കൊഴിയുന്നുണ്ടല്ലേ?"
"പിന്നെ, നല്ലോണം ഉണ്ട്. പണ്ടെനിക്ക് തോന മുടിയുണ്ടായിരുന്നു. പേരാമ്പ്രയും വടക്കുമ്പാടും എന്റെ കൂടെ പഠിച്ചവർക്കറിയാം". എന്നിട്ടവർക്ക് അക്കാലത്തെ ഒരു ഫോട്ടോയും കാണിച്ചു കൊടുക്കും. പിന്നെ അവർ ആശ്ചര്യത്തോടെ നോക്കും, കാലത്തിന്റെ വ്യവകലനത്തിലൂടെ എനിക്ക് നഷ്ടമായ മുടിയിഴകളെ പഴിച്ചുകൊണ്ട്. പിന്നീടെല്ലാവരോടും ഇത് തന്നെ പല്ലവിയാക്കി.
" പേരാമ്പ്രയും വടക്കുമ്പാടും....."
അങ്ങനെ പഴയ മുടിയെ പുകഴ്ത്തികൊണ്ട് കുറച്ചു കാലം കൂടി കടന്നുപോയി. കൂടെ പഠിച്ച പല കുട്ടികളും മുടിയുള്ള ചെക്കന്മാരെ കല്യാണം കഴിച്ചു പോകുന്നത് കണ്ടുനിന്നു. അപ്പോഴും മുടി എനിക്കൊരു പ്രശ്നമായിരുന്നില്ല. പക്ഷെ ഒരു ദിവസം ഞങ്ങൾ മൂന്നാല് പേരൊരു സെൽഫി എടുത്തു. ഫോണിന്റെ ഉടമയായ ചേച്ചിയോട് വാട്സ്ആപ്പിൽ അയച്ചു തരാൻ പറഞ്ഞു. ഫോട്ടോയിലെ ഒരു കുട്ടിയെ കണ്ടിട്ട് ഞാൻ പൊട്ടിച്ചിരിയുടെ സ്മൈലി ഇട്ടു കൊടുത്തു. അതിന്റെ മറുപടി പക്ഷെ വിചിത്രമായിരുന്നു.
" പക്ഷെ സുന്ദരിയാണ്!!". അതിനൊരു മണ്ണിരയുടെ മണമുണ്ടായിരുന്നു. ചൂണ്ടയിൽ കോർത്ത മണ്ണിരയുടെ മണം. ഒന്നാഞ്ഞു ചോദിച്ചപ്പോൾ ചേച്ചി പറയുവാണ്, നിങ്ങൾ നല്ല ചേർച്ചയാണ് നിങ്ങൾ ഒരുമിക്കുന്നത് എനിക്ക് കാണണം എന്നൊക്കെ!. പൊട്ടിചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു ."നഹിന്ന് പറഞ്ഞാൽ നഹി". പക്ഷെ ചേച്ചി ചൂണ്ടയിൽ പലതും കോർത്തു കാത്തിരുന്നു.
അതിനിടയിൽ ഒരു ദിവസം സൗഹൃദ സംഭാഷണത്തിനിടയിൽ പല ആലോചനകളും വരുന്നതായി മേൽ പറഞ്ഞ സുന്ദരി സൂചിപ്പിച്ചു. അന്ന് വൈകീട്ട് ഒരു സുഹൃത്തിന്റെ വീട്ടിൽ വെച്ച് ഇതേപോലൊരു സംസാരമുണ്ടായി. അവനൊരു പെണ്ണിനെ കണ്ടെത്തണം, പരിചയമുള്ള കുട്ടികൾ ഉണ്ടെങ്കിൽ പറയാനും പറഞ്ഞു. അവൾ നല്ല കുട്ടി ആയതു കൊണ്ട് ഞാനിതൊരു ലിങ്ക് ഓഫ് ദി ലിങ്ക് ആക്കാൻ ശ്രമം നടത്തി. ഞാനവളോട് ചെക്കനെ പറ്റി സൂചിപ്പിച്ചു. അപ്പോൾ അവളാദ്യം പറഞ്ഞത് ചെക്കന് നല്ല മുടിയുണ്ടാവണം എന്നായിരുന്നു. എന്നെ ആക്കിയതാണോ അതോ കാര്യമായിട്ട് പറഞ്ഞതാണോ എന്നു എനിക്ക് മനസ്സിലായില്ല. എങ്കിലും ഞാനത് ചിരിച്ചുകൊണ്ട് സ്വീകരിച്ചു. പക്ഷെ ഫോട്ടോ കാണിച്ചപ്പോൾ അവൾക്കിഷ്ടമായി. പിന്നീട് പക്ഷെ അവളുടെ വീട്ടുകാർക്ക് അത് വേണ്ടാന്ന് തോന്നിപോലും. പെണ്ണിനെ ദൂരെ വിടാനുള്ള മടി കൊണ്ടാണോ എന്നറിയില്ല.
പക്ഷെ അന്നുമുതൽ ഞാൻ കുറച്ചു നേരം കണ്ണാടിക്കു മുന്നിൽ ചിലവഴിക്കാൻ തുടങ്ങി. വെറുതെ നിസ്സഹായനായി നോക്കി നിൽക്കും. മുടിയുടെ നഷ്ടം എന്റെയുള്ളിൽ പടർന്നു കയറുന്നു. ഇത്ര കാലവുമില്ലാത്ത നഷ്ടബോധം.
അങ്ങനെ ഒരു ദിവസം മോർണിംഗ് വാക്കിനിടയിൽ അമ്മയോട് പറഞ്ഞു.
" മുടിയൊരു പ്രശനം തന്നെയാണല്ലേ അമ്മേ?. അല്ല, ഞാൻ പറഞ്ഞ ആ കുട്ടിയോട് അവനെ പറ്റി പറഞ്ഞപ്പോൾ അവൾ ആദ്യം ചോദിച്ചത് മുടിയുണ്ടോ എന്നാണ്."
അവള് നല്ല സ്വഭാവമുള്ള കുട്ടിയാണല്ലേ? അതാണ് നിന്നെ കൊണ്ട് ഇങ്ങനെ തോന്നിപ്പിച്ചത്. എടാ നിന്റെ ചേട്ടന്മാർക്കൊക്കെ കുറെ മുടിയുണ്ടായിട്ടാണോ നല്ല പെണ്കുട്ടികളെ കിട്ടിയത്?. അല്ലല്ലോ,പ്രശനം മുടിയൊന്നുമല്ല. അവർക്കൊക്കെ നല്ല ജോലിയുണ്ട്. അതാണ് കാര്യം. അതുകൊണ്ട് നീ ആദ്യം ജോലി നോക്ക്, മുടി വിട്ടേക്ക്....

6 comments:

  1. മുൻപ് ഫേസ്ബുക്കിൽ വായിച്ചതാണ്.....❤❤❤

    മുടിയിലൊക്കെ എന്തിരിക്കുന്നു... നിനക്ക് ഒടുക്കത്തെ ഗ്ലാമറല്ലേ അത് മതിയെന്നെ ;-)

    ReplyDelete
    Replies
    1. അതേ ആ പോസ്റ്റ് ഒക്കെ ഇവിടെ എടുത്തിട്ടതാണ്.. ഇങ്ങളൊക്കെ പറഞ്ഞ പോലെ ഇനി എല്ലാം ഇവിടെ പോസ്റ്റാം...
      മുടിയൊക്കെ എന്ത്..😂

      Delete
    2. ആനന്ദ് നന്നായിട്ടുണ്ട്

      Delete

നിങ്ങളുടെ അഭിപ്രായങ്ങൾ സഭ്യമായ ഭാഷയിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്.
കമെന്റ് ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്നവർ Browser Cache Clear ചെയ്ത ശേഷം നോക്കുക..

തുടർന്നും സന്ദർശിക്കുക..

RECENT POST