അന്നൊരു അസാധാരണ ദിവസമൊന്നുമായിരുന്നില്ല. പകൽ പ്രത്യേകിച്ച് ഒന്നും തന്നെ സംഭവിച്ചിട്ടില്ലായിരുന്നു. എങ്കിലും രാത്രി എന്തൊക്കെയോ ചിലത് മനസിൽ കയറിക്കൂടി. കൊറേയേറെ ആലോചിച്ചിട്ടും അതെന്താണെന്ന് മനസിലായില്ല. മറ്റു വഴികൾ ഒന്നും തന്നെ ഇല്ലെന്നായപ്പോൾ ഒരു സിനിമ കാണാമെന്ന് വെച്ചു. സിനിമകളിൽ പലതും നമ്മുടെ ജീവിതങ്ങൾ തന്നെയാണല്ലോ. സ്വന്തം ജീവിതമല്ലാതെ മറ്റൊരാളുടെ ജീവിതം കാണാനുള്ളരു എളുപ്പ വഴിയാണ് സിനിമ. ആരുടെയെങ്കിലുമൊക്കെ ജീവിതത്തിൽ അല്പം അതിശയോക്തിയും നാടകീയതയും ചേർക്കുന്നതാണല്ലോ സിനിമ
. അപ്പോൾ പിന്നെ അതാണൊരു വഴി. സിനിമ കാണുക. സിനിമ കണ്ടാൽ ഒരു പ്രത്യേക ദിശയിൽ ചിന്തിക്കാനും അതിലെ കഥാപാത്രമാകാനും സാധിക്കും. ആ സമയത്തു മറ്റൊന്നും മനസിലേക്ക് കയറി വരുകയുമില്ല. പൂർണമായ അധീശത്വം ആ കാര്യങ്ങളിലേക്ക് മാത്രമാകും.
സ്വയം കഥാപാത്രമായി സിനിമ കാണുമ്പോൾ എത്ര മോശം സിനിമയാണെങ്കിലും അതിലെന്തൊക്കെയോ ചില നന്മകളുണ്ടെന്ന് തോന്നാറുണ്ട്. നമുക്കത് അനുഭവിക്കാനാകും. പ്രത്യേകിച്ച് പ്രണയമാവുമ്പോൾ.
അന്നത്തെ സിനിമയിൽ നായകൻ നായികയെ കാണുന്ന സമയം മുതൽ പ്രണയം പറയുന്നതു വരെ ഞാൻ സിനിമയിൽ അലിഞ്ഞു ചേർന്നു. ആ സമയത്താണ് അമ്മ ചോറു കഴിക്കാൻ വിളിച്ചത്. ചോറു കഴിച്ചോണ്ടിരിക്കുമ്പോൾ എന്റെ ചുണ്ടുകൾ ചെറുതായി വിരിയുന്നുണ്ടായിരുന്നു.
"എന്താ മുഖത്തിനൊരു മാറ്റം?" അമ്മയുടെ ചോദ്യം ഒരു നോട്ടത്തിലൂടെയായിരുന്നു.
"ഏയ്"...ഭാവഭേദമില്ലലാതെ എന്റെ ചേഷ്ടകൾ അമ്മയ്ക്ക് മറുപടിയായ് നൽകി.
പക്ഷെ ആ ചിരി എങ്ങനെയാണെന്ന് ചോദിച്ചാൽ, അത് മനസിന്റെ ഏതോ ഒരു കോണിൽ നിന്നും പാറിവന്ന അപ്പൂപ്പൻ താടിയെ പോലെ എന്റെ ചുണ്ടിലേക്ക് എത്തിയതാണ്. അത് നന്നായിട്ട് പ്രതിഫലിക്കുകയും ചെയ്യുന്നു.
ചോറ് തിന്നു കഴിഞ്ഞു വീണ്ടും സിനിമയിലേക്ക് ഇഴകിച്ചേരാൻ പോയി. അതിനിടയിൽ മനസിന്റെ ഇടപെടൽ. ഇടത്തെ മനസ് ചോദിച്ചു എന്തിനാ ഇങ്ങനെ മന്ദഹസിക്കുന്നതെന്ന്.
അറിയില്ലെന്ന് വലത്തെ പറഞ്ഞു. എന്നാലത് ശുദ്ധ നുണയാണെന്ന് ഇടതിനറിയാം. പക്ഷെ വലത്തെ മനസിന്റെ മറുപടി ആത്മാർത്ഥമായിട്ടായിരുന്നു. രണ്ടു മനസുകൾക്കും ചിലതൊന്നും അറിയില്ല. പക്ഷെ രണ്ടു മനസുകളുടെയും അധിപനായ എനിക്ക് ചിലതറിയാം. ഞാൻ പ്രണയിക്കാൻ തുടങ്ങിയിരിക്കുന്നു! പക്ഷെ ആരെയാണ്? പറയാം....
സിനിമ തുടർന്നു. അവരുടെ ആവലാതികളിൽ ഞാനും ചേർന്നു. ചില സന്ദർഭങ്ങളിൽ കണ്ണിൽ നിറഞ്ഞുനിന്ന ജല കണികകൾ വെളിച്ചമേറ്റു തിളങ്ങി. പിന്നീട് ജ്വലിച്ചു നിൽക്കുന്ന കണ്ണിനെ വേർപിരിഞ്ഞുകൊണ്ട് അവ ധാര ധാരയായി ഭൂമിയിലേക്ക് പതിച്ചു.
സിനിമ കഴിഞ്ഞപ്പോഴേക്കും ഞാൻ യാഥാർഥ്യത്തിൽ നിന്നും വഴുതിപ്പോയിരുന്നു. കണ്മുന്നിൽ കാണുന്നതെല്ലാം മിഥ്യയായി. വെളിച്ചം, ശബ്ദം, കാലം .. എല്ലാം മിഥ്യ. കാഴ്ചകൾക്ക് അർത്ഥ വ്യത്യാസം വന്നിരിക്കുന്നു. ആത്മാവ് ശരീരം വിട്ടിറങ്ങിയ പോലെ. എല്ലാം ശിഥിലം. എന്നിട്ട് നേരെ കിടക്കയിലേക്ക് മലർന്നു വീണു. യഥാർത്ഥ ശരീരം വേഗത്തിൽ വീണിരുന്നെങ്കിലും മനസതിനെ സമയ പരിധികളിൽ ബന്ദിയാക്കാതെ ദീർഘ ചലനമാക്കി. പതുക്കെ പതുക്കെ റബ്ബർ കിടക്കയുടെ പരപ്പിൽ വീണമർന്നു.
ചുണ്ടിലെ ചിരി മാഞ്ഞിരുന്നില്ല, കണ്ണുകൾ പാതി തുറന്നു കിടന്നു. പക്ഷെ മനസിൽ കാഴ്ചകൾ മാഞ്ഞു ഇരുട്ടുമാത്രമായി. എന്നിട്ടും ചിരി മറഞ്ഞില്ല, സങ്കൽപ്പിക്കാൻ സാധിക്കാത്ത ചിലത്തിനെക്കുറിച്ചോർത്തു വെറുതെ ചിരിക്കുന്നു. അതല്ലെങ്കിൽ ഇവയുടെയൊന്നും കാരണമാറിയത്തിനാലാവാം ഇതൊക്കെ.
ദീർഘ നിദ്ര.
രാവിലെ ക്ലാസ്സിൽ പോകാൻ തയ്യാറെടുക്കുമ്പോഴും ചുണ്ടുകളിലെ തിളക്കം കെട്ടിരുന്നില്ല. വഴിയിലൂടെ നടക്കുമ്പോഴും പരിചയമുള്ളവരെ കണ്ട് ഒരു മറുചിരിയിടുമ്പോഴും ഈ ചിരിയുടെ ആത്മാവ് വിട്ടുപോയില്ല. ബസ്സിലെ സൈഡ് സീറ്റിന്റെ അരുക് പറ്റിയിരിക്കുമ്പോൾ ചുണ്ടുകൾക്ക് കൂട്ടായി കണ്ണുകളും ഇറുങ്ങി ചിരിക്കുന്നു. സ്വതന്ത്ര ചിന്തകളുടെ പറുദീസായായ സൈഡ് സീറ്റിലിരുന്നിട്ടും മനസ് ഏകാന്തമായി അലഞ്ഞുകൊണ്ടിരുന്നു.
ബസ്സിറങ്ങി. ചുറ്റും നോക്കി. അതവളാണോ? അല്ല.
അപ്പോളിതോ?.. ആഹ്.
കറുപ്പും വെളുപ്പും തട്ടവും ചന്ദനക്കുറികളും മാറി മാറി വന്നു. ചുണ്ടുകൾ കൂടുതൽ വിരിയാൻ മാത്രം ആരെയും കണ്ടില്ല.
ഇടത് വീണ്ടും ചോദിച്ചു.
"നീയരെയാണ് തേടുന്നത്?"
"ഞാൻ പറഞ്ഞില്ലേ, ഞാൻ പ്രണയിക്കുന്നു".
" ആരെയാണ് പ്രണയിക്കുന്നത്?"
" നീലകണ്ണുകളെ... ഇടതൂർന്ന ചുരുണ്ട മുടിയെ.. മഞ്ചാടിക്കുരു പോലുള്ള നുണക്കുഴികളെ... നനുത്ത ഇളം ചെമ്പൻ ചുണ്ടുകളെ.. അവളുടെ ചിരിയെ!".
"ശബ്ദം കേട്ടിട്ടുണ്ടോ?"
"ഇല്ല. പക്ഷെ സുന്ദരമായിരിക്കും, അതല്ലേ ചേല്?".
"നിനക്ക് പ്രാന്താണ്".
"ഇല്ല. നീയെന്നെ പിന്തിരിപ്പിക്കേണ്ട.നിനക്കറിയേണ്ടത് അതരാണെന്നല്ലേ?"
"അതേ. നിനക്ക് പറ്റിയതാണോന്നറിയേണ്ടേ?"
"അത് നീയാണോ നോക്കുന്നത്?.. വികരങ്ങളെക്കുറിച്ചറിയാത്ത നീ. വേണ്ട നിനക്ക് ബിംബങ്ങളെ പ്രണയിക്കാനറിയില്ല. സാഹചര്യങ്ങളെയും വസ്തുതകളെയും മാനിക്കുന്ന നിനക്ക് ഭാവനയില്ല, അതിലൂടെ ലഭിക്കുന്ന അനുഭൂതിയുടെ സുഖമറിയില്ല.മനസ് കാല്പനികമല്ല. ഇതൊന്നുമല്ലാത്ത നീ എങ്ങനെ വിദ്വേഷമില്ലാതെ വിവേചനമില്ലാതെ പ്രണയിക്കും? അതുകൊണ്ട് നീയതിൽ യാഥാർഥ്യങ്ങളെ കുത്തി നിറയ്ക്കരുത്. നിന്റയവസരമിതല്ല.
മുമ്പ് നീ കാരണമാണ് കറുത്ത പെണ്കുട്ടികളോട് മുഖം തിരിച്ചതും, വെളുത്ത കുട്ടികളോട് മമത കൂടിയതും.. എല്ലാം നീ കാരണമാണ്. ഇതനാവിശ്യമാണ്. എന്റെ പരിധിയിലേക്ക് നീ വളർന്നപ്പോൾ ഇതൊക്കെ സംഭവിച്ചു.
ഇനി ഞാൻ പ്രണയിക്കും. ഇരുട്ടിലും വെളിച്ചത്തിലും മഴയിലും വെയിലത്തും.. ഒരേ പോലെ.. ഒരേ പോലെ.. വലത്തെ മനസ് ശക്തിയോടെ പറഞ്ഞു.
"അതുകൊണ്ടിപ്പോൾ കറുപ്പിലും വെളുപ്പിലും ഞാൻ ഭംഗി കണ്ടെത്തുന്നു. ചിലരുടെ കണ്ണുകളെ,മുടിയെ ചിലപ്പോൾ ആംഗ്യങ്ങളെയും ശബ്ദത്തെയും ഞാൻ ആസ്വദിച്ചു പ്രണയിക്കുന്നു". വലത് നിർത്തി.
"ശരി. പ്രണയിക്കുന്ന ഓരോ അംഗങ്ങളും ചേർന്ന ഒരുവൾ, അവളെയാണ് നിനക്കിനി കിട്ടേണ്ടത്. വരും, ഒരിക്കൽ അവൾ മുന്നിൽ വന്നു നിന്ന് നിന്റെ പുഞ്ചിരി മായാത്ത ചുണ്ടുകളിൽ നിന്നും അവളുടെ നെറ്റിയിലൊരു ചുടു ചുംബനമേറ്റു വാങ്ങും.
അതുവരെ നീ ക്ഷമിക്കണം. അപക്വമായി എടുത്തു ചടരുത്. ഇതെന്റെ പരിധിയാണ്". ഇടത്തെ മനസ് നിർദേശിച്ചു.
"അംഗീകരിക്കുന്നു. ഞാൻ എല്ലാവരെയും പ്രണയിക്കും. എന്റെ കണ്ണുകളിലൂടെ ഞാൻ നോക്കിയിരിക്കും, അവർക്ക് ശല്യമാകാതെ. അവരുടെ കാമുകനെ പോലെ ചെറു നോട്ടങ്ങളെറിഞ്ഞ് അവർക്ക് മുന്നിലൂടെ നടക്കും. ഇതൊന്നും നീ തടയരുത്. ഇങ്ങനെയാവുമ്പോൾ എനിക്ക് പഠിക്കാനാകും, ഏകാഗ്രത ലഭിക്കും, ലക്ഷ്യത്തിലേക്കടുക്കും. ഇതാണെന്റെ വഴി....
മനസിന്റെ രണ്ടു ഭാഗങ്ങളും ഒത്തുതീർപ്പിലായപ്പോൾ ഒരിക്കൽക്കൂടി ആ രാത്രിയെ സ്മരിച്ചു. ആ സിനിമയോട് നന്ദി പറഞ്ഞു.
ചില സാങ്കൽപ്പിക ചിന്തകളാണ് യഥാർത്ഥ മനസിനെ ലക്ഷ്യത്തിലേക്കാടുക്കാൻ സഹായിക്കുന്നത്. അവയുണ്ടാക്കുന്ന ചെറു പുഞ്ചിരികൾ നമുക്ക് ഊർജമാകും.
ഈ വചനങ്ങളൊക്കെ ഉരുവിട്ടുകൊണ്ടിരിക്കുമ്പോൾ അവൾ കയറി വന്നു. കടും കാപ്പി നിറമുള്ള ചുരിദാരിൽ അവൾ എന്റെ മുന്നിലേക്ക് വന്നിരുന്നു. കണ്ണാടി ചില്ലിനപ്പുറത്തെ അവളുടെ ഇളം നീല കണ്ണുകൾ എന്റെ കൃഷ്ണമണികളെ ബന്ദിയാക്കി. ജ്വലന തീക്ഷണതയിൽ എന്റെ കണ്ണിമകൾ പാതി ചിമ്മി. അവളുടെ ഇളം ചെമ്പൻ ചുണ്ടുകളിലെ വർണങ്ങൾ എന്നിലേക്കും പടർന്നു. അതേ ഞാൻ പ്രണയിക്കുന്നു... ആരെയെന്നില്ലാതെ... അതെന്റെ ഊർജമാണ് . സത്യത്തിലേക്കുള്ള ദൂരം കുറയ്ക്കാനുള്ള ഊർജം.
സങ്കൽപ്പത്തിലെങ്കിലും "പ്രണയസൗഗന്ധികങ്ങൾ ഇതൾവിരിഞ്ഞ കാലം...."
ReplyDeleteഎല്ലാം സാങ്കല്പികം... ഏതോ സിനിമയിൽ മോഹൻലാൽ പറയുന്ന പോലെ നമ്മളും മറ്റാരുടെയോ സ്വപ്നത്തിലെ കഥാപാത്രം ആയിരിക്കും..
Deleteസങ്കൽപ്പങ്ങളിൽ വിത്തിട്ട് മുളപ്പിക്കുക
ReplyDeleteവിചിത്ര വിചാരങ്ങളുടെ വയലിൽ വിതച്ച് അവ കൊയ്തെടുക്കുക
സങ്കല്പങ്ങളിലൂടെ ജീവിക്കുക ദുഷ്കരമകയാൽ സങ്കല്പങ്ങളിലൂടെ എഴുതി ജീവിക്കുന്നു...
Deleteവാക്കുകൾക്ക് കട്ടി കുറച്ച് കൂടി എന്ന് തോന്നിയെങ്കിലും, എഴുത്ത് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.
ReplyDelete. പ്രണയിക്കുന്ന ഓരോ അംഗങ്ങളും ചേർന്ന ഒരുവൾ, അവളെയാണ് നിനക്കിനി കിട്ടേണ്ടത്, നിനക്കിഷ്ടപ്പെട്ട ഒരു പെണ്ണിനെ നിനക്ക് കിട്ടട്ടെ.
ഒരു ചോദ്യം, ആനന്ദ് പ്രണയിച്ചിട്ടുണ്ടോ?
ഈ ചോദ്യത്തിന് പ്രസക്തിയെ ഇല്ലെന്നു തോന്നുന്നു.. ആ ജനുവരി 19 വായിച്ചു നോക്കൂ...
Delete