Monday, July 26, 2021

പടു വൃക്ഷത്തിന്റെ ചുവട്ടിൽ നിന്നും

പടു വൃക്ഷത്തിന്റെ ചുവട്ടിൽ നിന്നും



സർപ്പദംശനങ്ങളുടെ ചീറ്റൽ ശബ്ദമുയർത്തിക്കൊണ്ട് കാറ്റ് വീശിയടിക്കുന്നുണ്ട്. കരിയിലകൾ നിരത്തിലൂടെ വേഗത്തിൽ എങ്ങോട്ടോ സഞ്ചരിക്കുകയാണ്. കുറ്റിച്ചെടികൾ ബലം പിടിച്ചു നിൽക്കുന്നു. അന്തരീക്ഷമാകെ തണുപ്പ് പടരുന്നുണ്ട്. ഒന്നു കുളിച്ചൊരുങ്ങി വൃത്തിയാകാനുള്ള എല്ലാ ഒരുക്കങ്ങളും ഭൂമി ആരംഭിച്ചിരിക്കുകയാണ്. രംഗം കലുഷിതമാവാനുള്ള എല്ലാ ലക്ഷണങ്ങളുമുണ്ട്. ഞാൻ സംശയത്തോടെ പടുമരച്ചോട്ടിലിരുന്നു. ഇടക്കും തലക്കും നീർത്തുള്ളികൾ നിർപാതം പതിക്കുന്നുണ്ട്. മനുഷ്യരുടേതിനു സദൃശ്യമായ ചില അലമുറ ശബ്ദങ്ങളും കേൾക്കാം. മൃഗങ്ങൾക്ക് ഇത്തരം സാഹചര്യങ്ങൾ മനസിലാക്കാൻ കഴിയുമല്ലോ. സംശയം എന്തെന്ന് വെച്ചാൽ എന്റെ പ്രവേശനത്തിന് ഈ സാഹചര്യം അനുകൂലമാണോ എന്നാണ്. എങ്കിലും ഞാൻ ഒരുക്കമായിരുന്നു. എല്ലാ യാത്രകളുടെയും അവസാനം, ഇവിടേക്കുള്ള പ്രവേശനം തന്നെ ആണ്. മനസ് അസന്തുലിതമാകുന്നുണ്ട്, എങ്കിലും എന്തോ ഒരു ബലം മുന്നോട്ടേക്ക് കൊണ്ടുപോകുന്നുണ്ട്. എന്റെ മനസ് രണ്ടായി പിരിഞ്ഞു. ഒരാൾ എല്ലാ വ്യാകുലതകളും പേറിയിരിക്കുകയാണ്, എന്നാൽ രണ്ടാമൻ ഒന്നിനെക്കുറിച്ചും ചിന്തിക്കാതെ പ്രവേശനം മാത്രം ലക്ഷ്യം വെച്ചിരിക്കുന്നു. ഏറെ നേരത്തെ മൽപിടുത്തിന് ശേഷം രണ്ടാമൻ കരുത്താർജിച്ചു വന്നു. ചുറ്റുമുണ്ടായേക്കാവുന്ന പൊടുന്നനെയുള്ള മാറ്റങ്ങൾക്കായി കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്, അല്ലാത്ത പക്ഷം അപകടമാണ്ടാവുമായിരിക്കും. മറ്റൊന്നിനാലും ആകർഷിക്കപ്പെടാതിരിക്കാൻ വെള്ള വസ്ത്രം ധരിച്ചാൽ മതിയെന്നും കേട്ടിരുന്നു. കൂടുതൽ ചിന്തിക്കാതെ പടുമര ചുവട്ടിൽ നിന്നും ഞാൻ ചാടിയിറങ്ങി. എന്നിട്ട് ഇരുന്നതിനു വിപരീതമായി നടന്നു. 


പ്രത്യേക പ്രവേശന കവാടമില്ലെങ്കിലും പ്രകൃതിയാൽ നിർമിതമായ കവാട സദൃശ്യമായ പറക്കുന്ന വള്ളികളാൽ സമൃദ്ധമാണവിടം.  ചുരുൾ വള്ളികളിൽ കുടുങ്ങാതെ തലകുനിച്ചു കൊണ്ട് കാവിലേക്ക് പ്രവേശിച്ചു. വളരെ ശ്രദ്ധയോടെ ഓരോ ചുവടുകളും മുന്നോട്ട് വച്ചു. അഴിച്ചിട്ട മുണ്ടിന്റെ തുമ്പിൽ എന്തോ കുടുങ്ങി വലിഞ്ഞു നിൽക്കുന്നു. നിറയെ ചുരുൾ വള്ളികളാണ്. നിലത്തിഴയുന്ന ചെറിയതും ചുറ്റിലും പറക്കുന്ന വലിയ വള്ളികളും. മുണ്ട് അല്പം കയറ്റി ഉടുത്തു, മുന്നോട്ടു നീങ്ങി. അപ്പോഴേക്കും ചുറ്റുമുണ്ടായിരുന്ന കാറ്റും കോളും അടങ്ങിയതായി തോന്നിച്ചു. ചുറ്റുപാട് നിന്നുള്ള ശബ്ദങ്ങൾ നിലച്ചിരിക്കുകയാണ്. 


ചുരുണ്ട് പിണഞ്ഞു കിടക്കുന്ന വള്ളികൾ ധാരാളമുണ്ട്, തലക്ക് മീതെ പന്തലുപോലെ. മുകളിലെ ആകാശത്തിനു താഴേക്ക് വെളിച്ചമെറിയാൻ ഇടമില്ലെന്നു വേണം കരുതാൻ. എങ്കിലും മറ്റെവിടെ നിന്നോ പ്രകാശ രശ്മികൾ അവിടേക്ക് എത്തുന്നുണ്ട്. ചുരുൾ വള്ളികളുടെ പന്തൽ തണലിന് കീഴെ അസമമായി കല്ലുകൾ പതിച്ച നിരത്തിലൂടെ മുന്നോട്ട് നീങ്ങി. നിരത്തിന് ഇരു വശങ്ങളിലുമായി നിറയെ പച്ചിലകൾ വീണു മൂടിയിരുന്നു. മണ്ണിനു മീതെ  പച്ചമഞ്ഞു പെയ്തത് പോലെ തോന്നി. പടുവൃക്ഷത്തിന്റെ ചെറിയ ഇലകളാണ് അവ മുഴുവനും. പക്ഷെ എന്തുകൊണ്ടാണ് ഇത്രയധികം പച്ചിലകൾ വീണുകിടക്കുന്നത്? എന്റെ സംശയമേറി. അത്രയേറെ ശക്തിയുള്ള കാറ്റോ മഴയോ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്നില്ലല്ലോ. ഇവ ജീവനുള്ള പച്ചിലകൾ തന്നെയാണ്. ഞാൻ കരുത്തുള്ള വള്ളികളിലൊന്നിൽ പിടിച്ചു വീണുകിടക്കുന്ന പച്ചിലകളിലേക്ക് അമർത്തി ചവിട്ടാൻ ശ്രമിച്ചു. പിടിച്ചത് നന്നായെന്നു തോന്നി, ചവിട്ടിയത് ശക്തിയിൽ ആയതിനാൽ പച്ചിലകൾ വകഞ്ഞു മാറി കാല് ആഴത്തിലേക്ക് പോയി. ഇത്ര ആഴമുണ്ടായിരുന്നോ?? അത് ഭയങ്കരം തന്നെ, ഈ നിരത്തിന് ഇരു വശവും ആഴമേറിയ നിലങ്ങളാണോ, പച്ചിലകളാൽ മൂടപ്പെട്ടു കിടക്കുന്നത്? അവയ്ക്കിടയിൽ കരിഞ്ഞതും പഴുത്തതുമായ ഇലകൾ കണ്ടു, പക്ഷെ അവയൊന്നും മുകളിലേക്ക് എത്തുന്നില്ല. 


ഇരു വശങ്ങളിലേക്കും നോക്കാതെ വീണ്ടും മുന്നോട്ട് നടന്നു. നിരത്തിൽ  പതിച്ചിരിക്കുന്ന കല്ലുകൾ അസമമാണ്. അവ ഇളകുന്നുണ്ട്. പക്ഷെ ശ്രദ്ധ പോയത്  നിരത്തിൽ വീണുകിട്ടുന്ന ഇലകളിലേക്കാണ്. അവയെല്ലാം പച്ചിലകളായിരുന്നു. എന്നാൽ പിറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ എല്ലാം കരിഞ്ഞിരിക്കുന്നു. ഞാൻ പുറകോട്ട് പോയി നോക്കി. എന്നാൽ കരിഞ്ഞവ പച്ചിലകളായി മാറുന്നില്ല. അതായത് എനിക്ക് തിരിച്ചു പോകാൻ കഴിയില്ലെന്നാണോ? അത്ഭുതമൂറുന്ന ചിരി ഉള്ളിലടക്കിക്കൊണ്ടു ഞാൻ മുന്നോട്ടേക്ക് ശ്രദ്ധവെച്ചു. 


പ്രകാശത്തിന്റെ വെള്ളി വരകൾ ദൂരെ എവിടെ നിന്നോ വരുന്നത് കാണാം. ആ വഴി ഏറെ സഞ്ചരിക്കാൻ ഉണ്ടാവുമോ? നിശബ്ദമായ അന്തരീക്ഷത്തിൽ എന്റെ കാലുകൾക്കടിയിൽപ്പെട്ട് ഞെരുങ്ങുന്ന കരിയിലകളുടെ ശബ്ദം മാത്രം കേൾക്കാം. ഏകാന്തമായ ദീർഘ സഞ്ചാരത്തിനൊടുവിൽ നിരത്തുകൾ താഴോട്ട് പോകുന്ന പടവുകളായി രൂപന്തരപ്പെട്ടിരിക്കുന്നത് വരെ എത്തി. ഏറ്റവും മുകളിലെ പടവിലാണ് ഞാനിപ്പോൾ നിൽക്കുന്നത്. എന്നാൽ എന്താണ് താഴെയെന്നു കാണാൻ സാധിക്കുന്നില്ല. ഇഴ വള്ളികളുടെ പന്തൽ അവിടെയും കാഴ്ച തടസപ്പെടുത്തുന്നു. പടവുകളുടെ അറ്റവും കാണാൻ സാധ്യമല്ല. എന്നാൽ ഈ പടവുകളിലെ ഇലകൾ പച്ചയും മഞ്ഞയും കരിഞ്ഞതുമായി സമ്മിശ്രമായാണ്‌ കിടക്കുന്നത്.

 

ഞാൻ താഴോട്ടേക്ക് ആദ്യ ചുവട് വച്ചു. പൊടുന്നനെ നിശ്ശബ്ദാന്തരീക്ഷം അല്പം കലുഷിതമായി തുടങ്ങി. ശബ്ദകോലഹലമാണെങ്കിലും അവയുടെ ഉച്ഛത കുറവായിരുന്നു. ചീവീടുകൾ സ്വകാര്യമായി ഒച്ചയിടുന്നു, മനുഷ്യ സദൃശ്യമായ ശബ്ദങ്ങൾ, മൃഗങ്ങളുടെയും പക്ഷികളുടെയും നേർത്ത ശബ്ദങ്ങൾ. കാറ്റിന്റെ ചൂളമിടലും സർപ്പ ദംശന സമമായ ശീൽക്കാരങ്ങളും. ചെവി സാവധാനം അടഞ്ഞു പോകുന്നതായും ചുറ്റുമുള്ള മർദം വർദ്ധിക്കുന്നതായും അനുഭവപ്പെട്ടു. അതിഗാഢമായ ഏതോ ദ്രാവകാന്തരീക്ഷത്തിലേക്ക് മുങ്ങി താഴുന്ന  അനുഭൂതി. കണ്ണുകൾ ബാഹ്യശക്തിയാൽ അടഞ്ഞു പോയി. കുറെയേറെ താഴ്ചയിലേക്ക് പോയികൊണ്ടിരിക്കെ, ഒരു ഘട്ടത്തിൽ വെച്ചു പെട്ടന്ന് ഭാരമില്ലാതായ പോലെ ഉയർന്നുപൊങ്ങി.


ചുറ്റുമുള്ള അതിതീവ്രമായ പ്രഭയിൽ കാഴ്ച പ്രയാസമായിരുന്നു. എളുപ്പത്തിൽ കണ്ണുകൾ കാഴ്ചയിലേക്ക് എത്തിയില്ല. പതിയെ സമയമെടുത്തു കണ്ണുകൾ തുറന്നു. ഏതോ പുരാതനമെന്നു തോന്നിക്കുന്ന കുളത്തിന്റെ പടവുകളിൽ നിൽക്കുകയാണ് ഞാൻ. പിന്നിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ വന്ന വഴിയോ, ചുരുൾ വള്ളികളുടെ പന്തലോ പച്ചിലക്കൂട്ടമോ കാണാനില്ല. വെള്ളം നന്നേ കുറവായ വലിയൊരു കുളത്തിന്റെ എത്രാമത്തെയോ പടവിൽ നിൽക്കുകയാണ് ഞാൻ. ചുറ്റും ഉണങ്ങിയ മരിച്ച വൃക്ഷലതാദികളുള്ള നിബിഡ വനം. കുറെ നേരം ചുറ്റിലും നോക്കിനിന്നു. 


തീരെ തെളിഞ്ഞ വെള്ളമായിരുന്നില്ല കുളത്തിലേത്. കറുത്ത പായൽ കണക്കെ എന്തോ ഒന്ന് അതിൽ നിബിഡമായി വളർന്നിരിക്കുന്നു. നോക്കി നിൽക്കെ വെള്ളത്തിന് അനക്കം സംഭവിച്ചു. മലീമസമായ വെള്ളത്തിൽ നിന്നും അതിലെ കറുത്ത പായൽ അതിന്റെ കേന്ദ്രത്തിലേക്ക് ഉൾവലിയുകയാണ്. എന്നിട്ട് അവിടെ വെച്ച് അത് കൂടിച്ചേരുന്നത് പോലെ ഉയർന്നു പൊങ്ങുന്നു. ഭീകരമായൊരു സത്വം!! ശരീരം മുഴുവൻ ഇടതൂർന്ന മുടിയാൽ മൂടിയിരിക്കുന്നു. എന്താണാതെന്നു മനസിലാകുന്നില്ല. ആ രൂപം ഉയർന്നു പൊങ്ങിക്കൊണ്ടിരുന്നു. ഏത് നിമിഷം അത് കുളത്തിലെ വെള്ളത്തിൽ നിന്നും വിട്ട് ഉയർന്നുവോ ആ നിമിഷം ചുറ്റുമുള്ള ഉണങ്ങിയ നിബിഡ വനത്തിനു ജീവനുണ്ടായി, എല്ലാം പച്ചപിടിച്ചിരിക്കുന്നു. പൊടുന്നനെ അതിശക്തമായൊരു വെള്ളി വെളിച്ചം എന്റെ മുന്നിൽ മിന്നി മറഞ്ഞു, കാഴ്ച ഇല്ലാതായി. ആ ഒരു നിമിഷം, ജീവിതത്തിൽ ഇതേവരെ നടന്ന ഓരോ രംഗങ്ങളും ഒന്നൊന്നായി വന്നു പോയിക്കൊണ്ടിരുന്നു. ചിലതിന്റെയൊക്കെ കാര്യകാരണങ്ങളും ചില ഇടപെടലുകളുടെ അറിയാതെ പോയ ഫലങ്ങളുമൊക്കെ ആദ്യമായി ബോധ്യത്തിലേക്ക് എത്തിപ്പെട്ടു.


ഇപ്പോൾ ആ കുളക്കടവിൽ നിൽക്കുന്ന ഞാൻ ജ്ഞാനിയാണ്, ബോധോദയം ലഭിച്ച പൂർണ മനുഷ്യൻ. എന്റെ എല്ലാ ചെയ്തികളുടെയും കാരണങ്ങളും ഉത്തരങ്ങളും ഫലങ്ങളും ഇപ്പോഴെനിക്കറിയാം. ബോധോദയത്തിന്റെ വിചിത്രമായ വഴിയായിരുന്നോ ആ പടുവൃക്ഷത്തിന്റെ ചുവട്ടിൽ നിന്നും ആരംഭിച്ചതെന്ന് മാത്രമാണ് എനിക്കപ്പൊഴുണ്ടായ സംശയം. സംശയത്തിലൂന്നി നിൽക്കവേ ആ സത്വത്തിന്റെ മുടിയിഴകൾ കരുത്തുള്ള ചുരുൾ വള്ളികളെ പോലെ എന്നെ വരിഞ്ഞു മുറുകി. അതിന്റെ പ്രേരണയാൽ ഞാൻ താഴേക്ക് ഇറങ്ങി ചെന്നു. മാലിന്യമൊഴിഞ്ഞു തെളിഞ്ഞ വെള്ളത്തിലേക്ക് ഞാൻ നയിക്കപ്പെട്ടു. ആ ഒരു നിമിഷം എന്നിലെ ഭയമൊഴിഞ്ഞു, ഭാരമൊഴിഞ്ഞു. ഒടുവിൽ ചിന്തകൾ മറഞ്ഞു ആ സത്വത്തിനോടൊപ്പം ആഴത്തിലേക്ക് പൂണ്ട് പോയി. 

..........


വായനക്കാരുടെ വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും താഴെയുള്ള കമെന്റ് ബോക്സിൽ നിക്ഷേപിക്കുക.

വര: ചന്ദന എസ്


സ്വന്തം തമസ്യ.

ആനന്ദ് ശ്രീധരം.

74 comments:

  1. Replies
    1. നന്നായിട്ടുണ്ട് ഇനിയും എഴുതാൻ ശ്രമിക്കൂ

      Delete
  2. ഇലപ്പച്ചകൾക്കിടയിലൂടെ ഊർന്നു വന്ന ബോധോദയത്തിന്റെ ദിവ്യ വെളിച്ചം... നല്ല ആശയം ആനന്ദ് 🥰 ഇനിയും എഴുതൂ 👍👍

    ReplyDelete
    Replies
    1. എല്ലാം അങ്ങനെ ഉദിച്ചു വരട്ടെ..

      Delete
  3. Kollam kollam.. Adipoli ayindu😍

    ReplyDelete
  4. കൊള്ളാം..നന്നായിട്ടുണ്ട് 👍👍👌

    ReplyDelete
  5. 😍😍😍നന്നായിട്ടുണ്ട്

    ReplyDelete
  6. നന്നായിട്ട് എഴുതി.😍

    ReplyDelete
  7. ഇനിയും ഒരുപാട് എഴുതാൻ കഴിയട്ടെ... 🥰🥰😍

    ReplyDelete
  8. വളരെ നന്നായിരിക്കുന്നു.. വരയും നല്ലത്..

    ReplyDelete
  9. Replies
    1. 😍😍😂 ഇഞ്ഞി ആ ബാസ്റ്റിന്റെ ആളാണോ

      Delete
  10. നല്ല ആശയം. നന്നായി എഴുതി
    ആശംസകൾ

    ReplyDelete
  11. ഒരു സ്വപ്നം കണ്ടത് പോലെ...👌👌

    ReplyDelete
  12. മുങ്ങിചാകാൻ നിന്നവനെ നൈസര്‍ഗ്ഗികമായ ഭാവനയുടെ മെമ്പൊടിയോടുകൂടി മുക്കിക്കൊന്ന ഈ വാക്ചാതുര്യത്തെ നമിച്ചു അളിയോ 🤔🤔👍🏻 Great work❤

    ReplyDelete
    Replies
    1. കൊന്നതല്ലല്ലോ കൊല്ലിച്ചതല്ലേ...🤣🤣

      Delete
  13. ഒരുപാട് എഴുതാൻ കഴിയട്ടെ.ആശംസകൾ സുഹൃത്തേ

    ReplyDelete
  14. ഇപ്പോൾ ഈ കുളക്കടവിൽ നിൽക്കുന്ന ഞാൻ ജ്ഞാനിയാണ് അതെ പ്രകൃതിയുടെ നിശ്ചലതകളിലും ഉണർച്ചകളിലും അയാൾക്ക് ബുദ്ധപദം കൈവരുന്നു മികച്ച ഭാഷ നിഗൂഢത കണക്ക് കനം വയ്ക്കുന്നത് ഒരു ചലച്ചിത്രം പോലെ മനസ്സിൽ കാണാം ഭാവുകങ്ങൾ

    ReplyDelete
  15. എല്ലാം ചേർത്ത് ഒരു ചെറിയ ബുക്ക്‌ പബ്ലിഷ് ചെയ്യ് 👏👏.

    ReplyDelete
  16. നന്നായിട്ടുണ്ട്..

    ReplyDelete
  17. നന്നായിട്ടുണ്ട് ആനന്ദേട്ടോ .. 🎉

    ReplyDelete
  18. ശുദ്ധമായ മലയാളം..... വായിക്കുന്നതോടപ്പം യാത്ര ചെയ്യാനും പറ്റി.... സന്തോഷം

    ReplyDelete
    Replies
    1. അങ്ങനെ സാധിച്ചു എന്നറിഞ്ഞതിൽ സന്തോഷം..😍😍

      Delete
  19. ഡാ നന്നായിട്ടുണ്ട്❤️❤️��

    ReplyDelete
  20. നന്നായി എഴുതി. Keep going��

    ReplyDelete
  21. ഇത്തിരി പേടിപ്പിച്ചോ ആനന്ദേ ... ഇതെങ്ങോട്ടാവും പോവുന്നത് എന്നൊരാകാംക്ഷ ജനിപ്പിച്ചു വായനയിൽ . നല്ല ശൈലി . ഇനിയും വരട്ടെ . ആശംസകൾ ട്ടോ

    ReplyDelete
  22. വരയിലും വരികൾ ആവിഷ്കരിക്കുന്നതിലും താൻ കേമൻ തന്നെയാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് ഈ യുവ എഴുത്തുകാരൻ ..
    അഭിനന്ദനങ്ങൾ ആനന്ദ് ...

    ReplyDelete
    Replies
    1. മുരളി ചേട്ടാ.. വരച്ചത് ഞാനല്ല.. 😁..
      അഭിപ്രായം രേഖപ്പെടുത്തിയത്തിൽ ഒരുപാട് സന്തോഷം..

      Delete

നിങ്ങളുടെ അഭിപ്രായങ്ങൾ സഭ്യമായ ഭാഷയിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്.
കമെന്റ് ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്നവർ Browser Cache Clear ചെയ്ത ശേഷം നോക്കുക..

തുടർന്നും സന്ദർശിക്കുക..

RECENT POST